തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ (ജൂലൈ 16) മുതല്‍ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം.
സിഐടിയു യൂണിയന്‍റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്കുള്ള (ഐ.എഫ്.ടി) കേസുകൾ എടുക്കാതെയാണ് പ്രതിഷേധമറിയിക്കുന്നത്. എന്നാൽ അടിയന്തിര സര്‍വ്വീസുകളായ റോഡുപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
2019 മുതലാണ് എല്ലാ ജില്ലാകളിലും 'കനിവ് 108 ആംബുലന്‍സ്' പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്ന കമ്പനിക്കാണ്. 2019ല്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു കൃത്യമായ തീയതി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ 2021 തുടക്കത്തില്‍ ജീവനക്കാരുടെ യൂണിയന്‍റെ സമ്മര്‍ദ്ദ ഫലമായി എല്ലാ മാസവും ഏഴാം തീയതി ശമ്പളം വിതരണം ചെയ്യാൻ തുടങ്ങി. എന്നാൽ ജൂൺ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് ശമ്പളം ലഭിക്കുന്നത് വരെ ജീവനക്കാര്‍ പ്രതിഷേധത്തിനൊരുങ്ങിയിരിക്കുന്നത്.