രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക്; അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി 
Kerala

രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക്; അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണു കരുതുന്നത്.

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു ലോറിക്കൊപ്പം കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാനുളള ശ്രമം ഇന്നലെയും ഫലംകണ്ടില്ല. കനത്ത മഴയെത്തുടർന്ന് ശനിയാഴ്ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവച്ചു. ഞായറാഴ്ച രാവിലെ ആറരയ്ക്ക് വീണ്ടും തുടരാനാണു തീരുമാനം. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണു കരുതുന്നത്. രക്ഷാപ്രവർത്തനത്തിൽ ആശയക്കുഴപ്പവും ഏകോപനമില്ലായ്മയുണ്ടെന്ന് ആരോപണമുണ്ട്.

റഡാർ പരിശോധനയിൽ ട്രക്ക് അകപ്പെട്ടെന്നു പറയുന്ന പ്രദേശം കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു ട്രക്കല്ല, പാറയാണെന്ന റിപ്പോർട്ടുകളുമുണ്ട്. അർജുനുൾപ്പെടെ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തിയാൽ ഉടൻ മണിപ്പാൽ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകാനാണു തീരുമാനം. ഇതിനായി ആംബുലൻസ് സജ്ജമാക്കിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഇന്നു രാവിലെ രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി പരിശോധിക്കാൻ സ്ഥലത്തെത്തും. കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണെന്നും സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞ 16നുണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേർ മരണമടഞ്ഞിരുന്നു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അർജുൻ ലോറിക്കൊപ്പം റോഡിനോടു ചേർന്നൊഴുകുന്ന ഗംഗവല്ലി നദിയിൽ വീണതായി ആദ്യം സംശയിച്ചിരുന്നു. എന്നാൽ, ലോറി പുഴയിൽ വീണിട്ടില്ലെന്നു തെരച്ചിൽ സംഘം കണ്ടെത്തി. ഇതിനിടെയാണ് ലോറിയിലെ ജിപിഎസ് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചത്. മണ്ണിനടിയിൽ "ലൊക്കേഷൻ' കാണിക്കുന്നുവെന്നു കുടുംബാംഗങ്ങൾ പറയുമ്പോഴും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നാണു കർണാടക പൊലീസിന്‍റെ വിശദീകരണം. ഒരു മല മൊത്തമായി ഇടിഞ്ഞുവീഴുകയായിരുന്നെന്നും വെള്ളവും മണ്ണും കുഴഞ്ഞ് കുന്നുപോലെ കൂടിക്കിടക്കുന്ന അവസ്ഥയിൽ രക്ഷാപ്രവർത്തനം എളുപ്പമല്ലെന്നും കാർവാർ എസ്പി എം. നാരായണ പറഞ്ഞു.

16ന് രാത്രിയാണു നിർമാണം നടക്കുന്ന ദേശീയ പാത 66ൽ മലയിടിഞ്ഞുവീണത്. ഒരു വശം മലയും മറുവശം ഗംഗവല്ലി നദിയുമുള്ള റോഡിൽ ‌ ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളും ഇതോടെ മണ്ണിനടിയിൽപ്പെട്ടു. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഗോവയിൽ നിന്നു മരം കയറ്റിയ ലോറിയുമായി കേരളത്തിലേക്കു വരികയായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയായ അര്‍ജുന്‍. ആധുനിക സൗകര്യങ്ങളുള്ള ലോറിയിൽ ഒരാഴ്ചയോളം പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്നു വിദഗ്ധർ പറയുന്നു. എന്നാൽ, അപകടത്തിൽ ലോറിയുടെ ചില്ല് തകർന്നിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വഷളാകുമെന്ന ആശങ്കയുമുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...