സംസ്ഥാനത്ത് നിയമനവിലക്കെന്ന് പ്രതിപക്ഷം; നിയമനത്തിൽ നമ്പർ വണ്ണെന്ന് ധനമന്ത്രി 
Kerala

സംസ്ഥാനത്ത് നിയമന വിലക്കെന്ന് പ്രതിപക്ഷം; നിയമനത്തിൽ നമ്പർ വണ്ണെന്ന് ധനമന്ത്രി

എല്ലാവരും കിട്ടുന്ന ലോണെടുത്ത് വിദേശത്തേക്ക് പറക്കുകയാണ്. കണക്കുകൾ പ്രകാരം 45 ലക്ഷം ആളുകൾ പുറത്താണ്.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളിൽ മാസങ്ങളായി നിയമനം നടക്കുന്നില്ലെന്നും ഒഴിവുകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റി സർക്കാർ യുജനങ്ങളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തി. വിഷയം നടപടികൾ‌ നിറുത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനത്ത് പൊതുമേഖലയിലെ നിയമനങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നും വിഷയം സഭാനടപടികൾ നിറുത്തിവെച്ച് ചർച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്നും പി.സി. വിഷ്ണുനാഥ് ആണ് പ്രമേയത്തിന് അനുമതി തേടിയത്. പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. എല്ലാ തസ്തികകളിലും പിൻവാതിൽ നിയമനമാണ് നടക്കുന്നത്. ഇത്തരം നിയമനങ്ങളും ഡിഎ കുടിശികയും ശമ്പളം വൈകലും മൂലം പാവപ്പെട്ട യുവാക്കൾക്ക് സർക്കാർ ജോലി പോലും വേണ്ടാത്ത അവസ്ഥയായി.

എല്ലാവരും കിട്ടുന്ന ലോണെടുത്ത് വിദേശത്തേക്ക് പറക്കുകയാണ്. കണക്കുകൾ പ്രകാരം 45 ലക്ഷം ആളുകൾ പുറത്താണ്. കഴിഞ്ഞ വർഷം മാത്രം 4545 കോടി രൂപയാണ് വിദ്യഭ്യാസ വായ്പ എടുത്തിട്ടുള്ളത്. ഇവിടെ ജീവിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ കുട്ടികൾ പൊതുമേഖല ബാങ്കിൽ നിന്ന് വായ്പയെടുത്ത് നാടുവിടുകയാണെന്നും എംഎൽഎ പറഞ്ഞു. പബ്ലിക് സർവീസ് കമ്മീഷൻ എന്നത് മാറ്റി പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് പരിഹസിച്ചു. കേരളാ പൊലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഒ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണ്. കഴിഞ്ഞ കാലങ്ങളിൽ ഈ കാലയളവിൽ രണ്ട് ബാച്ച് ട്രെയിനിങ്ങിന് കയറിയിട്ടുണ്ടെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

വനിതാ കോൺസ്റ്റബിൾമാരുടെ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്നും ഇതുവരെ ആർക്കും നിയമനം നൽകിയിട്ടില്ല. എസ്ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയിൽ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പോലീസുകാർ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ചയും മൂന്ന് പോലീസുകാർ ആത്മഹത്യ ചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യവകുപ്പ് തള്ളി. നവകേരള സദസിനും കേരളീയത്തിനും സർക്കാരിന് ഫണ്ടുണ്ട്. തസ്തിക വർധിപ്പിക്കാൻ മാത്രം സർക്കാരിന് ഫണ്ടില്ല. മറ്റു വകുപ്പുകളിലും നിയമനം നടക്കുന്നില്ലെന്നും വിഷ്ണുനാഥ് വിമർശിച്ചു.

നിയമനങ്ങളിൽ കേരളം നമ്പർ വൺ: ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ നിയമനങ്ങളിൽ രാജ്യത്ത് തന്നെ ഒന്നാമത്തേത് കേരള പിഎസ്‌സി ആണെന്നും ആകെ നിയമനത്തിൽ 60 ശതമാനത്തിലേറെയാണ് കേരളത്തിലേതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിൽ തൊഴിലുള്ളതിനാലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഇതര സംസ്ഥാനക്കാർ കേരളത്തിലേക്കെത്തുന്നത്. ഇന്ത്യയിൽ കൃത്യമായി സർക്കാർ ജീവനക്കാർക്ക് കാര്യങ്ങൾ കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും ഒഴിവുകളിൽ നിയമനം നടത്തുകയെന്നത് തന്നെയാണ് സർക്കാർ നയമെന്നും വിഷയം ചർച്ച ചെയ്യാൻ സഭ നിറുത്തിവെയ്ക്കേണ്ടതില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സംവരണ അട്ടിമറി ആരംഭിച്ചത് കോൺഗ്രസിന്‍റെ ഭരണകാലത്താണ്. എ.കെ. ആന്‍റണിയുടെ കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക്. അഞ്ച് വർഷത്തിനിടെ 1.44 ലക്ഷം നിയമന ശുപാർശകൾ നൽകിയത് കേരളം മാത്രമാണ്.2023ൽ 34110 പേർക്ക് നിയമനം നൽകി. രണ്ടാം സ്ഥാനം തമിഴ്നാട്-12000, തെലുങ്കാനയിലും കർണാടകത്തിലും ആയിരത്തിന് താഴെയാണ് നിയമനം.24 കോടി ജനങ്ങളുള്ള ഉത്തർ പ്രദേശിൽ നാലായിരത്തിൽ പരം പേർക്ക് മാത്രമാണ് കഴിഞ്ഞ വർഷം നിയമനം നൽകിയത്. ഇന്ത്യയിൽ പത്ത് ലക്ഷത്തോളം ഒഴിവുകളിൽ ആളെ എടുക്കുന്നില്ലെന്ന് മാത്രമല്ല, പട്ടാളത്തിൽ പോലും കരാർ നിയമനമാണെന്ന് ധനമന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാർക്ക് എല്ലാം കൃത്യമായി കൊടുക്കുന്ന സർക്കാരാണിത്. കേന്ദ്രം ഇപ്പോൾ ശമ്പള കമ്മിഷനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്ന് ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ എ.എൻ. ഷംസീർ പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഒന്നാം റാങ്കുകാരനു പോലും നിയമനമില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ റാങ്ക് ലിസ്റ്റ് വന്ന് ഏഴ് മാസമായിട്ടും ഒന്നാം റാങ്കുകാരന് പോലും നിയമനം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നിട്ടാണ് അടുത്ത ലിസ്റ്റിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ആശുപത്രികളില്‍ രോഗികളും വിദ്യാലയങ്ങളില്‍ കുട്ടികളുമുണ്ട്. എന്നാല്‍ ആവശ്യമായ സ്റ്റാഫുകളില്ല. വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധനകാര്യവകുപ്പില്‍ ഈ വര്‍ഷം 27 പേര്‍ റിട്ടയര്‍ ചെയ്തിട്ടും പത്തു പേരുടെ വേക്കന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി 17 പേര്‍ പുകയായി. അവരുടെ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പല പഞ്ചായത്തുകളിലും ജീവനക്കാരില്ല. പല പഞ്ചായത്തിലും സെക്രട്ടറിമാരും എന്‍ജിനീയര്‍മാരും ഇല്ല.

പൊലീസില്‍ 87 പേര്‍ ആത്മഹത്യ ചെയ്ത കാര്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ ജോലി സമ്മര്‍ദ്ദം കുറയ്ക്കുമെന്നും വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് ഒന്നാം റാങ്ക്കാരനെപ്പോലും നിയമിക്കുന്നില്ല. എല്ലാ വകുപ്പിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനം 558 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സോഷ്യല്‍ ജസ്റ്റിസ് 874 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി. ധനവകുപ്പില്‍ 246 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ വകുപ്പുകളില്‍ ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. പതിനായിരക്കണക്കിനു പേരെയാണ് നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്‍വാതിലിലൂടെ നിയമിച്ചതെന്നും സതീശൻ പറഞ്ഞു.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ