തിരുവനന്തപുരം: നിയുക്ത മന്ത്രി കെ. ബി. ഗണേഷ് കുമാറിന് സിനിമ വകുപ്പുകൂടി നൽകണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. മുഖ്യമന്ത്രി നൽകുന്ന വകുപ്പിനു പുറമേ സിനിമ വകുപ്പുകൂടി നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
വകുപ്പുകൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയാവും തീരുമാനിക്കുക. എന്നാൽ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകൾ.
രണ്ടാം പിണറായി സർക്കാരിന്‍റെ മുൻ ധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുന്നത്. ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.