#ആർ. സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന വക്താവ്
"You can't do it unless you can imagine it'.
ലോക പ്രശസ്ത അമെരിക്കൻ ചലച്ചിത്രകാരൻ ജോർജ് ലൂക്കസിന്റെ ഈ അഭിപ്രായം കേരള ഭരണാധികാരികളെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്. വാചാടോപങ്ങൾക്കപ്പുറം എന്തുകൊണ്ട് കേരളം വികസന കാര്യത്തിൽ പിന്തള്ളപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം, ഭാവനയും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളുടെ അഭാവം എന്നതു മാത്രമാണ്.
മനുഷ്യ- പ്രകൃതി വിഭവങ്ങളുടെ ഖനിയായ കേരളത്തിന് നിത്യനിദാനത്തിനു പോലും അന്യരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്ന ഗതികേട് മാറിമാറി ഭരിച്ചവരുടെ പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല. അപ്പോഴാണ് പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധിയും വർഗീയ സംഘർഷങ്ങളും താറുമാറാക്കിയ ഗുജറാത്ത് നമുക്കു മാതൃകയാകുന്നത്. 2001ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായതിനു ശേഷം അവിടെ സംഭവിച്ച മാറ്റം രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഏതൊരാളേയും അമ്പരപ്പിക്കും. ഭൂകമ്പം തകർത്തെറിഞ്ഞ ഗുജറാത്തിനെ മോദി പുനർനിർമിച്ചത് അസാമാന്യമായ നേതൃപാടവവും ദീർഘവീക്ഷണവും കൊണ്ടു മാത്രമാണ്.
ഡൽഹി ആസ്ഥാനമായ പബ്ലിക് പോളിസി റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള "സദ്ഭരണ യാത്ര'യുടെ ഭാഗമായാണ് ഗുജറാത്തിലെത്തിയത്. മാധ്യമ പ്രവർത്തകരും തദ്ദേശഭരണ സ്ഥാപന തലവന്മാരും വ്ലോഗർമാരും മറ്റു ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. അതിബുദ്ധിമാന്മാരുടെയും വിദ്യാസമ്പന്നരുടേയും നാട്ടിൽ നിന്നുള്ളവരെന്ന അഹംഭാവ കുമിള അഹമ്മദാബാദിൽ ചെന്നിറങ്ങിയ ആദ്യ ദിവസം തന്നെ പൊട്ടിത്തകർന്നു.
ജീവിത സൂചികാ (Living Index) അടിസ്ഥാനത്തിൽ രാജ്യത്ത് ജീവിക്കാൻ ഏറ്റവും മികച്ച മൂന്നാമത്തെ നഗരം, രാജ്യത്തെ ആദ്യ സ്മാർട്ട് സിറ്റികളിൽ ഒന്ന്, ആദ്യ ആഗോള പൈതൃക നഗരം, ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരം ഈ പദവികളൊക്കെ അഹമ്മദാബാദിന് സ്വന്തം. 90 ലക്ഷത്തിനടുത്താണ് അഹമ്മദാബാദ് നഗരസഭയുടെ ജനസംഖ്യ. എന്നാൽ ശുചിത്വം, മാലിന്യ നിർമാര്ജനം, കുടിവെള്ള- വൈദ്യുതി വിതരണം, ക്രമസമാധാന പാലനം, പൊതുഗതാഗതം എന്നിവയൊക്കെ ആഗോള നിലവാരത്തിൽ തന്നെ ഇവിടെ നടക്കുന്നു.
മാലിന്യ സംസ്കരണം
45 വർഷത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്ന പിരാന മാലിന്യ നിർമാർജന പ്ലാന്റ് കേരളത്തിനു സ്വീകരിക്കാവുന്ന മാതൃകയാണ്. സ്വകാര്യ കമ്പനി 2,000 കോടി രൂപ ചെലവ് പറഞ്ഞ പദ്ധതി വെറും 150 കോടിക്ക് നഗരസഭ തന്നെ ഏറ്റെടുത്ത് ചെയ്യുന്ന അനുഭവം പൊതുമേഖലാ പ്രേമികളായ സിപിഎം മന്ത്രിമാർക്കും അനുകരണീയമാണ്.
മാലിന്യ മലയിൽ നിന്ന് വേർതിരിക്കുന്ന മണ്ണ് ദേശീയപാതാ അഥോറിറ്റി വാങ്ങണമെന്ന കരാറും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം സിമന്റ് കമ്പനികൾക്കായി നൽകുന്നു. വേർതിരിച്ചെടുക്കുന്ന മണ്ണ്, പ്ലാസ്റ്റിക്, ജൈവവളം ഇവയുടെ വിലയ്ക്കു പുറമേ പദ്ധതി അവസാനിക്കുമ്പോൾ കിട്ടുന്ന 1,500 കോടിയുടെ ഭൂമിയും നഗരസഭയ്ക്ക് സ്വന്തം. എല്ലാ ആഴ്ചയും ചീഫ് സെക്രട്ടറി നടത്തുന്ന അവലോകനം പദ്ധതിയുടെ നടത്തിപ്പ് എളുപ്പമാക്കുന്നു.
സബർമതിയുടെ മാറ്റം
ഗുജറാത്തിന്റെ ജീവനാഡിയായ സബർമതി നദി ഇന്ന് ശുദ്ധമാണ്, സ്വച്ഛമാണ്, സുന്ദരമാണ്. നഗരഹൃദയത്തിലെ സബർമതിയുടെ 11.5 കിലോമീറ്റർ നീളം ഏതൊരാളുടേയും മനംകവരും. ഇരു കരകളിലേയും അലക്കുകാരെ മാന്യമായി പുനരധിവസിപ്പിച്ച ശേഷം നദിക്കരയെ ആഗോള നിലവാരത്തിൽ സർക്കാർ പുനർനിർമിച്ചു.
ഓപ്പൺ എയർ തിയെറ്ററുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സൈക്ലിങ് ട്രാക്കുകൾ, പൂന്തോട്ടം, ശലഭ പാർക്ക്, പട്ടം പറത്താനുള്ള പാർക്ക്, പൊതു വ്യായാമ കേന്ദ്രങ്ങൾ, കാൽനട യാത്രക്കാർക്കുള്ള പ്രത്യേക പാതകൾ തുടങ്ങിയ സൗകര്യങ്ങളോടെ സബർമതീ തീരം ഇന്ന് ലോക ശ്രദ്ധയാകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറി.
100 കോടി മുടക്കി 1000 കാറുകൾ പാർക്ക് ചെയ്യാൻ നിർമിച്ച കേന്ദ്രവും അടൽ പാലവും, ഭക്ഷണ ശാലകളും സബർമതിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നദി എന്ന ചീത്തപ്പേരിൽ നിന്നാണ് സബർമതി ഇത്രയും സുന്ദരിയായത് എന്ന് കൂടി അറിയുക.
ഗിഫ്റ്റ് സിറ്റി
സംസ്ഥാന ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെ മകുടോദാഹരണമാണ് നഗരപ്രാന്തത്തിൽ 2007ൽ നിർമിച്ച ഗിഫ്റ്റ് സിറ്റി (Gujatat International Finance Tec- City). ആഗോള സാമ്പത്തിക ഭീമന്മാർക്കും ടെക്നോളജി കമ്പനികൾക്കുമായുള്ള പ്രത്യേക സാമ്പത്തിക മേഖലയാണ് ഇത്. ഇതുമൂലം ആഗോള കമ്പനികളിൽ തൊഴിലെടുക്കാനുള്ള അവസരം സ്വന്തം നാട്ടിൽ ഇന്ത്യൻ പൗരന്മാര്ക്ക് കൈവരികയാണ്.
300 കോടി രൂപയാണ് 3,300 ഏക്കറിലായി പരന്നു കിടക്കുന്ന ഈ നഗരത്തിൽ നടക്കുന്ന ക്രയവിക്രയം. പ്രാദേശികമായി ഉണ്ടാകുന്ന സാമ്പത്തിക ഉണർവും അനുബന്ധ തൊഴിലവസരങ്ങളും ഇതിന് പുറമേയാണ്. ഒപ്പം ആഗോള രംഗത്ത് ഇന്ത്യൻ സ്ഥാനം ഉറപ്പിക്കാനും ഗിഫ്റ്റ് സിറ്റിക്ക് സാധിക്കുന്നു. നൂറു ശതമാനം സര്ക്കാർ ഉടമസ്ഥതയിലാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രവർത്തനം. സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച നഗരം ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമായിട്ടില്ല. ഭൂത- വർത്തമാന- ഭാവി കാലങ്ങളുടെ സമന്വയമാണ് അഹമ്മദാബാദ് ജില്ല ഒരുക്കുന്നത്. അഹമ്മദാബാദ് എന്ന പൈതൃക നഗരവും, ഗാന്ധിനഗർ എന്ന ഭരണ സിരാകേന്ദ്രവും, ഇവയ്ക്ക് നടുവിലായുള്ള ഗിഫ്റ്റ് സിറ്റി എന്ന ഭാവി നഗരവും ചേർന്ന് ഗുജറാത്തിനെ സമാനതകളില്ലാത്ത സംസ്ഥാനമായി മാറ്റുന്നു.
ഗിഫ്റ്റ് സിറ്റിയുടെ ആസൂത്രണം ആഗോള നിലവാരത്തിലുള്ളതാണ്. കുടിവെളളം, ഡേറ്റാ കേബിൾ, മാലിന്യം പുറത്ത് കളയാൻ പ്രത്യേകം സജ്ജമാക്കിയ വാക്വം പൈപ്പ്, നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ശീതീകരിക്കാനുള്ള വാതകം, തീ കെടുത്താൻ അഗ്നിശമന സേന ഉപയോഗിക്കുന്ന പ്രത്യേക ദ്രാവകം ഇവയൊക്കെ ഒരു കേന്ദ്രീകൃത സംവിധാനത്തിൻ കീഴിലാണ് ഒരുക്കിയിരിക്കുന്നത്. ഭൂമിക്കടിയിൽ മൂന്നുനില താഴ്ചയിലാണ് ഈ സംവിധാനം.
വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന ഏതു തകരാറും നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാൻ കേന്ദ്രീകൃത സംവിധാനം മൂലം സാധിക്കുന്നു. റോഡ് കുത്തിപ്പൊളിക്കാതെ, ഗതാഗത തടസം ഉണ്ടാക്കാതെ, അപകട മരണം ഉണ്ടാകാതെ, അഴിമതിക്ക് ഇട നൽകാതെ ജനങ്ങൾക്ക് അനായാസ സേവനം ഭരണാധികാരികൾ ഉറപ്പാക്കിയിരിക്കുന്നു. നഗരത്തിലെ ഏല്ലാ കെട്ടിടങ്ങളും ഈ പൈപ്പ് ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മനുഷ്യ ഇടപെടലില്ലാതെ നടക്കുന്ന മാലിന്യ നിർമാർജനം എടുത്തു പറയേണ്ടതാണ്. നഗരത്തിലെ ഏത് കെട്ടിടത്തിലെയും മാലിന്യം പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ചാൽ വാക്വം പൈപ്പിലൂടെ അതിവേഗം സഞ്ചരിച്ച് സെക്കൻഡുകൾക്കുള്ളിൽ നിർമാർജന പ്ലാന്റിലെത്തും.
സഹകരണ മേഖല
സഹകരണ മേഖലയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ഉണ്ടയില്ലാ വെടിവയ്ക്കുന്നവർ ഗുജറാത്തിലേക്കു ചെല്ലണം. ലോകത്തു തന്നെ ഏറ്റവും ബൃഹത്തും കാര്യക്ഷമവുമായ സഹകരണ പ്രസ്ഥാനങ്ങളാണ് ഗുജറാത്തിലേത്. 3.5 കോടി ജനങ്ങളുള്ള കേരളത്തിൽ 16,256 സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ, 6.25 കോടി ജനങ്ങളുള്ള ഗുജറാത്തിൽ 75,000 സ്ഥാപനങ്ങളാണ് ആ മേഖലയിൽ പ്രവർത്തിക്കുന്നത്. കേരളത്തിലേതു പോലെ ഭരണകർത്താക്കളുടെ വയറ്റിപ്പിഴപ്പിനു വേണ്ടിയല്ലെന്നു മാത്രം.
ഇവയിൽ ഒന്നാമതാണ് രാജ്യത്തെ ഏറ്റവും വലിയ വളം നിർമാതാക്കളായ ഇഫ്കോ അഥവാ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ- ഓപ്പറേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം ഇഫ്കോയുടെ വിറ്റുവരവ് 40,152 കോടി രൂപയാണ്. സെനഗൽ, ഒമാൻ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളിലും ഇഫ്കോയുടെ സാനിധ്യമുണ്ട്. 5 കോടി കർഷകരാണ് ഇഫ്കോയുടെ ഗുണഭോക്താക്കൾ. അതായത്, കേരള ജനസംഖ്യയേക്കാൾ ഒന്നരയിരട്ടി!
ഇഫ്കോ പുറത്തിറക്കിയ "നാനോ യൂറിയ' ലോക കാർഷിക രംഗത്തു വിപ്ലവം സൃഷ്ടിക്കുന്നതാണ്. ഒരു ചാക്ക് യൂറിയയ്ക്കു പകരം അര ലിറ്റർ നാനോ യൂറിയ എന്നതാണ് ഇഫ്കോയുടെ വാഗ്ദാനം. കൃഷിച്ചെലവ് വലിയ തോതിൽ കുറയ്ക്കാനും ഭൂമിയുടെ വിഷലിപ്തത ഒഴിവാക്കാനും നാനോ യൂറിയയ്ക്കു സാധിക്കും. 2022 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ കലോളിൽ ഉദ്ഘാടനം ചെയ്ത പ്ലാന്റ് നാനോ യൂറിയ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ ഫാക്റ്ററിയാണ്. ഇന്ന് രാജ്യത്ത് 5 നാനോ യൂറിയാ നിർമാണ കേന്ദ്രങ്ങള് ഇഫ്കോയുടെ ഉടമസ്ഥതയിലുണ്ട്.
അമുലിനെ വെല്ലാനാവില്ല
ലോകത്തിനു മാതൃകയായ മറ്റൊരു വലിയ സഹകരണ പ്രസ്ഥാനവും ഗുജറാത്തിലുണ്ട്. ആനന്ദ് ആസ്ഥാനമായ അമുൽ. 36 ലക്ഷം ക്ഷീരകർഷകരാണ് അമുലിന്റെ ഉടമസ്ഥർ. നമ്മുടെ മിൽമയിലെ പോലെ നാമമാത്ര ഉടമസ്ഥതയുള്ളവരല്ല, ലാഭ വിഹിതത്തിനും അർഹതയുള്ള യഥാർഥ ഉടമകൾ. നൽകുന്ന പാലിനു മാത്രമല്ല കർഷകർക്ക് ഇവിടെ വില ലഭിക്കുന്നത്. ഈ പാൽ ഉപയോഗിച്ച് അമുൽ നിർമിക്കുന്ന ഉത്പന്നങ്ങളുടെ 65 ശതമാനം ലാഭവും കർഷകർക്കാണ്. ലാഭവിഹിതം ഉൾപ്പടെ ഒരു ലിറ്റർ പാലിന് 72 രൂപ മുതൽ 79 രൂപ വരെ കർഷകന് കിട്ടുന്നുണ്ട്. സബ്സിഡി നിരക്കിൽ കാലിത്തീറ്റയും അമുൽ നൽകുന്നു.
കൂടാതെ പശുവിന്റെ രോഗാവസ്ഥ, മദി ലക്ഷണം ഇവയൊക്കെ ഉരുക്കളുടെ കാതിൽ ഘടിപ്പിച്ച ചിപ്പിലൂടെ, കർഷകർ അറിയും മുമ്പ് സർക്കാര് ഡോക്റ്റർ അറിയും. സൗജന്യ നിരക്കിൽ പരിഹാരം നടപ്പാക്കും! കൂടാതെ, ക്ഷീരകർഷകർക്കായി നിരവധി ക്ഷേമ പദ്ധതികളും അമുൽ നടപ്പാക്കുന്നു. മൃഗചികിത്സയ്ക്കായി ഹോമിയോ മരുന്ന് പരീക്ഷിച്ചു വിജയിച്ച അനുഭവവും അമുലിന് പറയാനുണ്ട്. കേരളത്തിലെ ക്ഷീര കര്ഷകരുടെ അവസ്ഥ വെറുതേ ഓർത്തുപോവുകയാണ്.
ഗതാഗത മേഖല
എടുത്തു പറയേണ്ട മറ്റൊരു മേഖല ഗുജറാത്തിലെ പൊതു ഗതാഗത സൗകര്യങ്ങളാണ്. ജൻമാർഗ് എന്ന പേരിൽ 2009 ഒക്റ്റോബർ 14ന് നടപ്പാക്കിയ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ആഗോള അംഗീകാരം നേടി. 160 കിലോമീറ്റർ ദൂരത്തിൽ 162 പ്രത്യേക സ്റ്റേഷനുകൾ പദ്ധതിയിലുണ്ട്. നഗര ഹൃദയത്തിലൂടെ പ്രത്യേക ട്രാക്കിലോടുന്ന ഇലക്ട്രിക് എസി ബസുകൾ പൊതുഗതാഗതം അനായാസമാക്കുന്നു.
ബസുകളുടെ വേഗം, സമയം, ജീവനക്കാരുടേയും യാത്രക്കാരുടേയും പെരുമാറ്റം, ശുചിത്വം, വരുമാനം ഇവയൊക്കെ നിരീക്ഷിക്കപ്പെടുന്നു. അതിനാൽ കാര്യക്ഷമതയും സ്ത്രീസുരക്ഷയുമൊക്കെ ഉറപ്പ്. നഗരത്തിലെ ഏതു സ്ഥലത്തും ലഭ്യമാകുന്ന സൈക്കിളുകൾ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഇവിടെ കൂടുതലാണ്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സൈക്കിൾ വിതരണ സമ്പ്രദായം നിയന്ത്രിക്കപ്പെടുന്നത്.
ഡാഷ് ബോർഡ്
കേരളം ആഗ്രഹിക്കുകയും മറ്റു പല സംസ്ഥാനങ്ങളും പകർത്തുകയും ചെയ്ത ""മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ്'' ഗുജറാത്ത് മാതൃകയുടെ ഉത്തമ ഉദാഹരണമാണ്. (കേരളം പഠനസംഘത്തെ അയച്ചതല്ലാതെ മറ്റൊന്നും നടന്നില്ല എന്നത് വേറേ കാര്യം). സംസ്ഥാനത്ത് നടക്കുന്ന മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി മണിക്കൂറുകൾക്കുള്ളിൽ പരിഹാരമുണ്ടാക്കുന്ന സംവിധാനമാണ് ഡാഷ് ബോർഡ്. പ്രശ്നങ്ങൾ കണ്ടെത്തുന്ന മാധ്യമ റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ ഏറെ സഹായകരമാകുന്നുണ്ട്.
സംഗ്രഹം:
ഇത്തരത്തിൽ ഗുജറാത്ത് അതിവേഗം കുതിക്കുമ്പോൾ, നമ്മുടെ കേരളം എവിടെ നിൽക്കുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്. ഗുജറാത്ത് ലോകത്തെ ഏറ്റവും മികച്ച സ്ഥലമാണെന്ന അവകാശവാദമൊന്നുമില്ല. മറിച്ച്, ഏറ്റവും മികച്ചതാക്കാൻ ഇച്ഛാശക്തിയുള്ള, നിരന്തരം ഇടപെടൽ നടത്തുന്ന ഭരണകൂടമാണ് അവിടെയുള്ളത് എന്ന് നിസംശയം പറയാം.
ജീവിതം അനായാസമാക്കാൻ, ഭരണം അഴിമതിരഹിതമാക്കാൻ കേരളത്തിനും സാധിക്കും. അതിനുള്ള വിഭവങ്ങളും അവസരങ്ങളും ധാരാളമുണ്ട്. അവയെ ദീർഘ വീക്ഷണത്തോടെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇല്ലാത്തത്.
പ്രമുഖ അമെരിക്കൻ മാനെജ്മെന്റ് വിദഗ്ധൻ വാരൻ ബെന്നിസിന്റെ ഈ വാക്കുകൾ ഏറെ പ്രസക്തമാണ്. "There are two ways of being creative. One can sing and dance. Or one can create an environment in which singers and dancers flourish'.
മലയാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സർക്കാരിന് സ്വന്തമായി ശേഷിയില്ലായെങ്കിൽ അതിന് കഴിവുള്ളവരെ ക്ഷണിച്ചുവരുത്തണം. മികച്ച മാതൃകകള് അനുകരിക്കണം. അല്ലാതെ ഗുജറാത്തും ബിജെപിയും തീണ്ടാപ്പാടകലെ നിർത്തേണ്ടവരാണ് എന്ന പ്രചാരണമല്ല വേണ്ടത്.