kerala election and its muslim minority politics 
Kerala

കേരളത്തിൽ തിളച്ചുമറിഞ്ഞ് ന്യൂനപക്ഷ രാഷ്‌ട്രീയം

പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്‌ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിവാദം.

##എം.ബി. സന്തോഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിളച്ചുമറിഞ്ഞ് മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം. പൗരത്വ നിയമത്തിൽ തുടങ്ങി കാസർഗോട്ടെ റിയാസ് മൗലവി വധക്കേസ് വിധി മുതൽ എസ്ഡിപിഐയുടെ യുഡിഎഫ് പിന്തുണ വരെ ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വീധീനിക്കാവുന്ന വിഷയങ്ങളിൽ ഇളക്കിമറിച്ച പ്രചാരണമാണ് പൊടിപാറുന്നത്. എൽഡിഎഫും യുഡിഎഫും പരസ്പരം ബിജെപി ഒത്തുകളി എന്ന ആരോപണം തുടരുന്നുമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതൽ എൽഡിഎഫിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം പൗരത്വനിയമ ഭേദഗതിയാണ്. ഈ നിയമഭേദഗതിക്കെതിരെ ഒരുമിച്ചു നടന്ന പ്രതിഷേധത്തിൽ നിന്ന് മുസ്‌ലിം ലീഗ് എന്തിന് പിന്മാറിയെന്നാണ് കഴിഞ്ഞ ദിവസം മഞ്ചേരി,കൊണ്ടോട്ടി റാലികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്. അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയപ്പോൾ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ ഉൾപ്പെടെ 19 ലക്ഷം പേരാണ് പൗരത്വമില്ലാത്തവരായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാർലമെന്‍റിൽ ഈ നിയമം പാസാക്കുന്ന വേളയിൽ കോൺഗ്രസും ലീഗും ഒളിച്ചുകളിച്ചുവെന്നും എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.

എന്നാൽ, പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകൾ പിൻവലിക്കാത്തതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷമായാണ് പ്രതികരിച്ചത്. അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ കോടതികളിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് നൽകിയ മറുപടി.

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിട്ടയച്ചത് എൽഡിഎഫ്- ബിജെപി ഒത്തുകളിയുടെ ഭാഗമായി കേസ് നടത്തിപ്പും അന്വേഷണവും ദുർബലമാക്കിയതിനാലാണ് എന്നാണ് യുഡിഎഫ് ആക്ഷേപം. അസാധാരണങ്ങളിൽ അസാധാരണ വിധിയാണ് ഇതെന്നും വിധിന്യായത്തിലെ ഏഴു കണ്ടെത്തലുകളും പ്രതികളെ കുറ്റവിമുക്തരാക്കാൻ പര്യാപ്തമാണോ എന്ന് സംശയമുണ്ടെന്നുമാണ് നിയമമന്ത്രി പി. രാജീവിന്‍റെ വാദം.

ഈ കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കടത്തിപ്പറഞ്ഞ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ എല്ലാ തെളിവുകൾ നൽകിയിട്ടും പ്രതികളെ വിട്ടയയ്ക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഈ കേസില്‍ കുടുംബത്തിനു പോലും പരാതിയില്ലെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയെ അപ്പാടെ തള്ളിയാണ് മൗലവിയുടെ സഹോദന്‍ അബ്ദുള്‍ ഖാദര്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടതുപോലെ ഉന്നത പോലീസ് സംഘം കേസ് പുനരന്വേഷിക്കണമെന്നുമാണ് കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസന്‍റെ ആവശ്യം. കേസിൽ അപ്പീലിനുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്‌ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. എസ്ഡിപിഐയുമായി യുഡിഎഫിന് ഒരു തെരഞ്ഞെടുപ്പു ധാരണയുമില്ലെന്നു പറഞ്ഞ വി.ഡി. സതീശനും ഹസനും, പക്ഷേ, പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. യുഡിഎഫിനെതിരേ വികാരമുയർന്ന സാഹചര്യത്തിലാണ്‌ തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചതെന്ന് ആരോപിച്ച ഇ.പി. ജയരാജൻ ഒരുവശത്ത്‌ എസ്‌ഡിപിഐയുമായും മറുവശത്ത്‌ ആർഎസ്‌എസുമായും കൈകോർക്കുന്ന കോൺഗ്രസിന്‍റെ അവിശുദ്ധ രാഷ്‌ട്രീയമാണ്‌ തെളിയുന്നതെന്ന് കുറ്റപ്പെടുത്തി.

ചരിത്രത്തിലാദ്യമായാണ് ആഗോള തീവ്രവാദ സംഘടനയുമായി ഒരു രാഷ്‌ട്രീയ പാർട്ടി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെടുന്നതെന്നും മുസ്‌ലിം ലീഗ് ഇടനിലക്കാരായി പ്രവർത്തിച്ചാണ് എസ്ഡിപിഐ - കോൺഗ്രസ് ചർച്ച നടന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?