തിരുവനന്തപുരം: കേരളത്തിലെ ഐടി മേഖലയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തു നിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാനം പ്രവർത്തിക്കുന്നത്. ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ടെക്നോളജി ഹബ്, എമെർജിങ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഐടി മേഖലയിൽ 2011-16 കാലയളവിൽ 26,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016-23 കാലയളവിൽ 62,000 തൊഴിലവസരങ്ങളാണുണ്ടായത്. 2016ൽ 78,068 പേരാണ് സർക്കാർ ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നതെങ്കിൽ ഇന്നത് 1,35,288 ആയി. 2016നു ശേഷം ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2011-16 കാലയലളവിൽ 34,123 കോടി രൂപയുടെ ഐടി കയറ്റുമതിയാണു നടന്നതെങ്കിൽ കഴിഞ്ഞ 7 വർഷം കൊണ്ട് 85,540 കോടി രൂപയായി. 5,75,000 ചതുരശ്ര അടി ഉണ്ടായിരുന്ന ഐടി സ്പേയ്സ് 7,344,527 ചതുരശ്ര അടിയായി വർധിച്ചു. ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640ൽ നിന്ന് 2022 ആയപ്പോൾ 1,106 ആയി. കഴിഞ്ഞ 7 വർഷം കൊണ്ട് 75 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് സൃഷ്ടിച്ചു.
കൊച്ചി ഇൻഫൊപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1,000ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ഇൻഫൊപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്‍റെ ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഐടി സ്പേസ് നിർമാണം പുരോഗമിക്കുന്നു. അവിടെ 1,000ത്തിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാകും. ഇൻഫൊപാർക്ക് കൊച്ചി മെട്രൊ റെയിൽ കോംപൗണ്ടിൽ 500ലധികം പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന സ്പേയ്സ് നിർമിക്കുകയാണ്. കൊച്ചി ഇൻഫൊപാർക്ക് സ്വന്തമായി ഒരു പുതിയ ബിൽഡിങ് നിർമിക്കുകയാണ്. ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഈ സ്പേയ്സിൽ 1,500ലധികം ആളുകൾക്കാണ് തൊഴിൽ ലഭിക്കാൻ പോകുന്നത്. അമെരിക്കൻ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ എൻഒവി, ജർമൻ ഐടി കമ്പനി അഡെസ്സൊ എന്നിവർ പുതുതായി കൊച്ചി ഇൻഫൊപാർക്കിൽ പ്രവർത്തനമാരംഭിച്ചു.
ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിങ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3,500 എൻജിനീയർമാർ ജോലി ചെയ്യുന്നു. വിപുലീകരണത്തിന്‍റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്. 1.3 ലക്ഷം ചതുരശ്ര അടി വരുന്ന കാസ്പിയൻ ടെക് പാർക്കിന്‍റെ നിർമാണം പൂർത്തിയായി. 1,300 പേർക്ക് തൊഴിൽ ലഭ്യമാകും. കോഴിക്കോട് സൈബർ പാർക്കിൽ 4 ലക്ഷം ചതുരശ്ര അടിയുടെ ബിൽഡിങ്ങിന്‍റെ നിർമാണം നടക്കുകയാണ്. 4,000 തൊഴിലുകളാണ് പ്രതീക്ഷിക്കുന്നത്.
കേരള സ്പേസ് അഥവാ കെ- സ്പേയ്സിനു സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 241 കോടി രൂപ വരുന്ന പദ്ധതിയുടെ ഡിപിആർ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. 3 വർഷത്തിനുള്ളിൽ കെ-സ്പേയ്സ് പ്രവർത്തനം ആരംഭിക്കും. 2 ലക്ഷം സ്ക്വയർ ഫീറ്റിൽ നൂറിലധികം സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പ്രവർത്തിക്കാൻ ഇതു സൗകര്യമൊരുക്കും. സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിൽ 15,000ത്തിലധികം സ്റ്റാർട്ടപ്പുകൾ 3 വർഷത്തിനുള്ളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2 ബില്യൺ യുഎസ് ഡോളറാണ് ലക്ഷ്യമിടുന്ന ഐടി കയറ്റുമതി. നിലവിലെ കേരളത്തിലെ ഐടി ഹ്യൂമൻ റിസോഴ്സ് 3 വർഷത്തിനുള്ളിൽ മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.