'ടിയാരി' വേണ്ട, 'ടിയാന്‍', 'ടിയാൾ' ആവാം: ഉത്തരവിറക്കി സർക്കാർ 
Kerala

'ടിയാരി' വേണ്ട, 'ടിയാന്‍', 'ടിയാൾ' ആവാം: ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് "ടിയാന്‍' എന്ന പദത്തിന് സ്ത്രീലിംഗമായി "ടിയാരി' എന്ന് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കി ഭരണ പരിഷ്‌കാര വകുപ്പ്.

ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് പൊതു നിര്‍ദേശം നല്‍കുന്നതിനായിട്ടാണ് ഉദ്യാഗസ്ഥ ഭരണ പരിഷ്‌കാര ഔദ്യോഗിക ഭാഷ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.​ ഭരണരംഗത്ത് "ടിയാന്‍' എന്ന പദത്തിന്‍റെ സ്ത്രീലിംഗമായി "ടിയാരി' എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍പ്പടിയാന്‍ അല്ലെങ്കില്‍ പ്രസ്തുത ആള്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന "ടിയാന്‍' എന്നതിന്‍റെ സ്ത്രീലിംഗമായി ടിയാള്‍ എന്നതിന് പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ചില ഉദ്യോഗസ്ഥര്‍ ടി ടിയാന്‍ എന്നതിലുപരിയായി ടിയാരി എന്ന ചുരുക്കരൂപം സ്ത്രീലിംഗരൂപമായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പദത്തിന്‍റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധ​ സമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

സര്‍ക്കാര്‍ ഓഫി​സുകള്‍ക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അര്‍ധ​ സര്‍ക്കാര്‍, സഹകരണ സ്വയംഭരണ​ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകള്‍ക്കും ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും