കൊച്ചി: പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന നിലപാടിലുറച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ജിക്കാരിയെ ഇകഴ്ത്തിക്കാട്ടുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇതു ഹൃദയഭേദകമാണെന്ന് ഹൈക്കോടതി അറിയിച്ചു. 78 വയസുള്ള ഒരു സ്ത്രീ ജീവിതച്ചെലവിനുള്ള പണത്തിനായാണ് ആവശ്യം ഉന്നയിക്കുന്നത്. അതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ആവശ്യമെങ്കിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു പരിശോധിക്കാന്‍ വേണ്ടിവന്നാല്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കാമെന്ന് കോടതി അറിയിച്ചു. എന്നാൽ വസ്തുതകളുടെ പിന്‍ബലമില്ലാതെ കോടതി പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വാദത്തിനിടെ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ കേന്ദ്രത്തില്‍നിന്നു വിഹിതം ലഭിക്കുന്നതിന് അനുസരിച്ചാണ് തുക നല്‍കുന്നതെന്ന് സംസ്ഥാനം അറിയിച്ചു. എല്ലാ മാസവും കൃത്യസമയത്ത് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ക്ഷേമ പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി അല്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. കോടതിയുടെ വിമർശനം ശക്തമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം പിൻവലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.