കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. അതിന്‍റെ പേരിൽ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തരുതെന്നും ഹൈക്കോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. പക്ഷേ അതിൽ ആരെയും കുറ്റപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ല. ഈ ഘട്ടത്തില്‍ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
കേരളത്തിലെ സർവ്വകലാശാലയിൽ തിക്കിലും തിരക്കിലും അകപ്പെട്ടുണ്ടായ ആദ്യ ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാത്രമല്ല സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പലിന്‍റെ കത്ത് സർവ്വകലാശാല രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ മാസം 25-നാണ് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിൽ ടെക്ഫെസ്റ്റിനിടെ 4 പേരുടെ മരണത്തിനു കാരണമായ അപകടം ഉണ്ടാകുന്നത്. 70 ൽ പരം വിദ്യാർഥികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.