kerala High Court file
Kerala

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം, നിയന്ത്രിക്കാനാവില്ല; ഹൈക്കോടതി

അന്വേഷണം നടക്കുന്നതും കോടതികളിൽ നിലനിൽക്കുന്നതുമായ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളുടെ അവകാശങ്ങൾ കൂടുതൽ പരിമിതപ്പെടുന്നു

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശത്തിന് കോടതി ഉത്തരവിലൂടെ വഴി പരിധി കൽപ്പിക്കാനാകില്ലെന്നു ഹൈക്കോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സൽകീർത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തിൽ മാത്രമേ ഭരണഘടന അനുശാസിക്കുന്ന നിയന്ത്രണം ഏർപ്പെടുത്താനാകൂ -ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പരിധി നിർവചിക്കണമെന്നും കേസ് നടപടി വാർത്തകളുടെ ഉള്ളടക്കം നിയന്ത്രിക്കണം എന്നതുമടക്കം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ കൗസർ എടപ്പഗത്ത്, സി.പി. മുഹമ്മദ് നിയാസ്, സി.എസ്. സുധ, വി.എം. ശ്യാംകുമാർ എന്നിവരും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. നേരത്തേ മൂന്നംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഹർജികൾ പിന്നീട് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

ഭരണഘടനയുടെ 19(1)എ അനുഛേദം വഴി മാധ്യമങ്ങൾക്ക് കൈവരുന്ന അഭിപ്രായ സ്വാതന്ത്ര്യവും മറ്റുള്ളവർക്കുള്ള അവകാശങ്ങളും ഇരു കൂട്ടരുടേയും കടമകളും പരസ്പരപൂരകങ്ങളാണ്. ഭരണഘടനാ മൂല്യങ്ങളും കാഴ്ചപ്പാടുകളും അത് നൽകുന്ന കടമകളും പൗരന്മാരോ മാധ്യമങ്ങളോ അനുഭവിക്കുന്ന അവകാശങ്ങൾക്ക് സ്വയം പരിധിയേർപ്പെടുത്തുന്ന വിധമാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെന്നും അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

മാധ്യമ സ്വാതന്ത്ര്യവും അന്തസോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശവും തമ്മിൽ സംഘർഷമുണ്ടാകുന്ന പക്ഷം, ഭരണഘടനയുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളും മൗലികമായ കടമകളും മറക്കാതെ വേണം മാധ്യമങ്ങൾ പ്രവർത്തിക്കാൻ. മാധ്യമങ്ങൾ അങ്ങനെ സ്വയം നിയന്ത്രിക്കപ്പെടുകയാണ് വേണ്ടത്. ഉചിതമായ അവസരങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ച് വഴങ്ങിക്കൊടുക്കുകയും വേണം.

അന്വേഷണം നടക്കുന്നതും കോടതികളിൽ നിലനിൽക്കുന്നതുമായ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളുടെ അവകാശങ്ങൾ കൂടുതൽ പരിമിതപ്പെടുന്നു. ഏതെങ്കിലും കക്ഷി കുറ്റക്കാരെന്നോ നിരപരാധിയെന്നോ നിലയിൽ അഭിപ്രായ പ്രകടനമുണ്ടായാൽ അതിന് ഭരണഘടനാ പരിരക്ഷയുണ്ടാകില്ല. കുറ്റക്കാരെന്നോ നിരപരാധിയെന്നോ വിധിക്കാനുള്ള അധികാരം കോടതികൾക്കാണ്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് വിധിന്യായത്തിലെ ഈ ഭാഗം മാർഗദർശിയാകണം. വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള അനാവശ്യ ഇടപെടലുകൾക്ക് അവസാനമാകണം. ഉത്തരവാദിത്വ മാധ്യമ പ്രവർത്തനത്തിന്‍റെ പുതുയുഗം തുറക്കാൻ ഇത് പ്രേരണയാകണമെന്നും കോടതി പറഞ്ഞു. അവകാശലംഘനമുണ്ടായാൽ വ്യക്തികൾക്ക് കോടതികളെ സമീപിച്ച് ആശ്വാസം നേടാനുള്ള എല്ലാ വഴികളും സുപ്രീം കോടതിയുടെ സഹാറ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നിലവിലുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്രിമിനൽ കേസുകളിലും മറ്റും മാധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ൽ പൊതുപ്രവർത്തകൻ ഡിജോ കാപ്പനാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നീട് അഭിഭാഷകരും മാധ്യമ പ്രവർത്തകരുമായുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഹർജികൾ എത്തുകയായിരുന്നു. വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കണമെന്നും മറ്റുമുള്ള ഹർജിയിലെ മറ്റാവശ്യങ്ങളിൽ വിശാല ബെഞ്ച് ഇടപെട്ടില്ല.

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ