തിരുവനന്തപുരത്ത് ശക്തമായ മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയിലും കൊല്ലത്തും മലവെള്ളപ്പാച്ചിലില്‍ 
Kerala

തിരുവനന്തപുരത്ത് ശക്തമായ മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയിലും കൊല്ലത്തും മലവെള്ളപ്പാച്ചിലില്‍

വിതുര -ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു.

തിരുവനന്തപുരം: മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനു പിന്നാലെ വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.

വിതുര -ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര - പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെയോടെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് മഴ കനത്തത്. പലയിടങ്ങളിലും മലവെള്ളപാച്ചില്‍ ഉണ്ടായി. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയിൽ തോട് കരകവിഞ്ഞു. മലയോര മേഖലയിൽ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

ഇടുക്കി വണ്ണപ്പുറം ചീങ്കല്‍സിറ്റിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. ഇടുക്കിയിൽ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചു. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സംശയം. തെക്കൻ- മധ്യ കേരളത്തിൽ മഴ തുടരുമെന്നും 10 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടും; ഒഡീഷയിൽ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; മലപ്പുറത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സ്വർണവിലയിൽ നേരിയ ഇടിവ്; ഒറ്റ‍യടിക്ക് 440 രൂപ കുറഞ്ഞു

സ്ത്രീധന പീഡനം; അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി

ആൺകുഞ്ഞില്ല; ഭർത്താവ് നിരന്തരം അപമാനിച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി