തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്കു മാത്രമേ സംസ്ഥാനത്ത് ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഇൻഷ്വറൻസ് പുതുക്കുന്നതിനും ഇതേ മാനദണ്ഡം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി ഇൻഷ്വറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തും. വാഹന ഇൻഷ്വറൻസ് പുതുക്കും മുന്‍പ് ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നാണ് അവരോട് ആവശ്യപ്പെടുക. 15നാണ് ചർച്ചയെന്നു മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകട മരണങ്ങള് കുറഞ്ഞതിനാലാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.
എഐ ക്യാമറകൾ സ്ഥാപിച്ച 5 മാസങ്ങളിൽ റോഡപകട മരണ നിരക്ക് കുറഞ്ഞു. ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1,263 റോഡപകട മരണങ്ങളാണുണ്ടായത്. 2022ൽ ഇതേ കാലയളവിൽ 1,669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബറില്‍ 273 ജീവന് നഷ്ടപ്പെട്ടു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്.
ജൂൺ 5 മുതൽ ഒക്റ്റോബർ വരെ 139 കോടി രൂപയിലധികം പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചു.
ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഒക്റ്റോബറിൽ പിടിയിലായവർ- 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത്- 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 23,296. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698. അക്കാലയളവില്‍ 13 എംപി, എംഎൽഎ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, കെല്‍ട്രോണ്‍ സിഎംഡി നാരായണ മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.