കൊച്ചി: ആലുവയിൽ 5 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയെ ജീവനോടെ മാതാപിതാക്കളുടെ അരികിൽ എത്തികാന്‍ സാധിക്കാതിരുന്നതിൽ മാപ്പ് പറഞ്ഞ് കേരള പൊലീസ്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "ചാന്ദിനിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി". മകളെ മാപ്പ് എന്ന അടുക്കുറുപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
ആലുവയിലെ 5 വയസുകാരിയുടെ മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പൊലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കിയെന്നും അദ്ദേഹം ചോദിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇത്തരം ലഹരിമരുന്നുകൾ നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ലേയെന്നും സതീശൻ ആരാഞ്ഞു.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ടാണ് കാണാതായത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.