തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമായതോടെ സംസ്ഥാനത്ത് ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയില്‍ പരക്കെ നാശം. വരുന്ന 5 ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മലയോരങ്ങളിലടക്കം പ്രത്യേക ശ്രദ്ധ വേണമെന്നു ദുരന്ത നിവാരണ അഥോറിറ്റി. വിവിധ ജില്ലകളിലായി മഴക്കെടുതികളിൽ 6 പേര്‍ മരിച്ചു.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പത്തനംതിട്ട തിരുവല്ല മേപ്രാലില്‍ പുല്ലു ചെത്താന്‍ പോയ ഗൃഹനാഥന്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നു ഷോക്കേറ്റു മരിച്ചു. മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മേപ്രാല്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിക്കു സമീപം പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നാണു റെജിക്കു ഷോക്കേറ്റത്.
വയനാട് ചീയമ്പം 73 കോളനി സ്വദേശിയായ സുധന്‍ (32) വയലിലൂടെ നടന്നുവരുന്നതിനിടെ ഷോക്കേറ്റു മരിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വയലില്‍ വീണു കിടന്നിരുന്ന സുധനെ പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശി കുഞ്ഞാമിനയെ (51) വീടിന്‍റെ സമീപത്തെ വയലിലാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത്.
പാലക്കാട് കണ്ണമ്പ്രയില്‍ വീടിന്‍റെ ചുമരിടിഞ്ഞ് വീണു അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് വീട്ടില്‍ സുലോചന (70), രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റ മുറി വീടിന്‍റെ പിന്‍ഭാഗത്തെ ചുമര്‍ രാത്രി പെയ്ത കനത്ത മഴയില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നും നാട്ടുകാര്‍ പറഞ്ഞു. സുലോചന കിടപ്പു രോഗിയായിരുന്നു. മകന്‍ രഞ്ജിത്ത് തൃശൂരില്‍ സ്വകാര്യ ബസ് കണ്ടക്റ്ററാണ്.
കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വ്യാപക നാശമുണ്ടായി. ചമ്പാട് മേഖലയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി തൂണുകളും നിലം പൊത്തി. കണിച്ചാര്‍ കല്ലടിയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. ഗര്‍ഭിണി അടക്കമുളളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പേരാവൂര്‍ തിരുവോണപ്പുറത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് തകര്‍ന്നു. കോടിയേരിയിലും മരം വീണ് വീട് തകര്‍ന്നു.
പാലക്കാട് അയിലൂര്‍ മുതുകുന്നിയില്‍ തേങ്ങ പെറുക്കുന്നതിനിടെ പുഴയില്‍ ഒലിച്ചു പോയ യുവാവിനായി തെരച്ചില്‍ തുടരുകയാണ്. പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പെറുക്കുന്നതിനിടെയാണ് 42കാരനായ രാജേഷ് ഒഴുക്കില്‍പ്പെട്ടത്.
തിരുവേഗപ്പുറയില്‍ തൂതപ്പുഴ കര കവിഞ്ഞു. അട്ടപ്പാടിയില്‍ ഭവാനി പുഴ കരകവിഞ്ഞു.
ആളിയാറില്‍ വെള്ളം നിറഞ്ഞതിനാല്‍ മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകള്‍ തുറന്നു. ചിറ്റൂര്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതല്‍ ഷട്ടറുകളും തുറന്നു.
സംസ്ഥാനത്ത് ആകെ 14 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 76 കുടുംബങ്ങളിലെ 224 പേരെ ക്യാംപുകളിലേക്ക് മാറ്റി. ഡിസാസ്റ്റര്‍ മാനെജ്മെന്‍റ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള കണക്ക് അനുസരിച്ച് കഴിഞ്ഞ രണ്ടു ദിവസത്തെ കനത്ത മഴയില്‍ സംസ്ഥാനത്തൊട്ടാകെ 98 വീടുകളാണ് തകര്‍ന്നത്.