തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. 5 ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ( സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ) ഉയരാൻ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഔദ്യോഗികമായി സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് (39°C) പാലക്കാട്, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. മുന്‍പ് കണ്ണൂരിലും, പാലക്കാടുമായിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില(38.6°C) രേഖപ്പെടുത്തിയിരുന്നത് . ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് സംസ്ഥാനത്ത് താപനില ഉയരാൻ കാരണം. വേനൽ മഴ പൊതുവെ ദുർബലമായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുമെങ്കിലും ചൂടിന് ശമനമുണ്ടായേക്കില്ല.
തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് നഗരങ്ങളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. പകൽ 11 മണി മുതൽ വൈകീട്ട് 3 മണി വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പ്.