ഇടവപ്പാതിയും തുലാവർഷവും കൂട്ടിമുട്ടും: കേരളത്തെ കാത്തിരിക്കുന്നത് പെരുമഴക്കാലം 
Kerala

ഇടവപ്പാതിയും തുലാവർഷവും കൂട്ടിമുട്ടും: കേരളത്തെ കാത്തിരിക്കുന്നത് പെരുമഴക്കാലം

അജയൻ

കൊച്ചി: ഇടവപ്പാതിയും തുലാവർഷവും പരസ്പരം കണ്ടുമുട്ടുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഇടവപ്പാതി എന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയിട്ടും, കേരളത്തിന്‍റെ ആകാശത്തുനിന്ന് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഒക്റ്റോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷം, അഥവാ വടക്കുകിഴക്കൻ മൺസൂൺ, ഒരാഴ്ച കഴിഞ്ഞാൽ ഇങ്ങെത്തുകയും ചെയ്യും.

ശരാശരിയിലും മഴ കുറഞ്ഞ ഇടവപ്പാതിക്കു ശേഷം, പതിവിലേറെ മഴ പെയ്യുന്ന തുലാവർഷമാണ് നേരത്തേ തന്നെ കാലാവസ്ഥാ ഗവേഷകർ പ്രവചിച്ചിരുന്നത്. രണ്ടു കാലവർഷങ്ങൾ ഇടകലരുന്ന അപൂർവതയ്ക്കു പിന്നാലെ, വർഷാവസാനം കേരളത്തിനു പെരുമഴക്കാലം തന്നെയായി മാറുമെന്നാണ് നിഗമനം.

ഔദ്യോഗികമായി തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണായി കണക്കാക്കപ്പെടുന്ന കാലയളവിൽ കേരളത്തിൽ ലഭിച്ച മഴ, ശരാശരിയിലും പതിനാറ് ശതമാനം കുറവാണ്. എന്നാൽ, 19 ശതമാനം വരെ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (IMD) കണക്കിൽ സാധാരണം മാത്രമാണ്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ 1,718.8 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്. പ്രതീക്ഷിച്ചിരുന്നത് 2,049.2 മില്ലീമീറ്ററും.

2018ലെ മഹാപ്രളയം മുതൽ ഇക്കഴിഞ്ഞ വയനാട് ഉരുൾപൊട്ടൽ ദുരന്തം വരെ നീളുന്ന മഴപ്പേടി ഇപ്പോഴും തളം കെട്ടിക്കിടക്കുന്നുണ്ട് കേരളത്തിന്‍റെ മണ്ണിലും മനസിലും. അതിനിടെയാണ്, വരാനിരിക്കുന്ന തുലാവർഷം അതിവർഷമാകുമെന്ന പ്രവചനം പുറത്തുവരുന്നത്. അതും ചെറിയ വ്യത്യാസമല്ല, 112 ശതമാനം മഴയാണ്, ഒക്റ്റോബർ മുതൽ ഡിസംബർ വരെ ഇന്ത്യയുടെ തെക്കുകിഴക്കൻ ഉപദ്വീപിൽ പെയ്തിറങ്ങാൻ പോകുന്നതെന്നു പറയുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 334.13 മില്ലീമീറ്റർ എന്ന ശരാശരി മഴക്കണക്കിനെ മറികടക്കുന്നതായിരിക്കും ഇത്തവണത്തെ കിഴക്കുപടിഞ്ഞാറൻ മൺസൂൺ എന്നു സാരം.

ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന ശാന്ത സമുദ്ര ഭാഗത്തെ താപനില അസാധാരണമാം വിധം താഴുന്ന ലാ നിന പ്രതിഭാസമാണ് ഈ അതിവർഷത്തിനു കാരണം. ശാന്ത സമുദ്രത്തിന്‍റെ (Pacific Ocean) ഉപരിതലത്തിൽ ചൂടു കൂടുന്ന എൽ നിനോ പ്രതിഭാസം മൺസൂൺ മഴയിൽ കുറവുണ്ടാക്കിയതിനു പിന്നാലെയാണ് ലാ നിനയുടെ ആവിർഭാവം.

തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ, അതായത്, ജൂണിൽ തുടങ്ങിയ ഇടവപ്പാതിയുടെ, പിൻവാങ്ങൽ വൈകാൻ കാരണമാകുന്ന നിരന്തരമായ ന്യൂനമർദങ്ങൾ തന്നെ തുലാവർഷകാലത്ത് ശക്തമായ ഇടിമിന്നലുകൾക്കും കൊടുങ്കാറ്റുകൾക്കും പെരുമഴയ്ക്കും കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

ദക്ഷിണേന്ത്യയിൽ മഴ കൂടാൻ കാരണമാകുന്ന അതേ ലാ നിന തന്നെ രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിൽ മഴയുടെ ശക്തി കുറയാനും ഇടയാക്കും എന്നതാണ് ഇതിലെ വൈരുദ്ധ്യം. തുലാവർഷത്തിനു മുന്നോടിയായ പ്രീ മൺസൂൺ മഴയിൽ പതിവുള്ള ഇടിമിന്നലുകൾ ഇതിനകം തന്നെ നമ്മുടെ ആകാശസീമകളിൽ പ്രകമ്പനം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.

ഇതിനിടെ, ഈ പ്രവചനങ്ങളെയെല്ലാം അക്ഷരാർഥത്തിൽ 'കാറ്റിൽ പറത്താൻ' ശേഷിയുള്ള മറ്റൊരു പ്രതിഭാസം കൂടി കൂടി ഇവിടെ അടുത്തു തന്നെ വട്ടം കൂട്ടുന്നുണ്ട്. അതിന്‍റെ പേരാണ് ഇന്ത്യൻ നിനോ, അഥവാ ഇന്ത്യൻ ഓഷൻ ഡൈപോൾ. ശാന്ത സമുദ്രത്തിലെ (Pacific Ocean) എൽ നിനോയുടെ ഇവിടത്തെ രൂപമാണ് ഈ ഇന്ത്യൻ നിനോ. എന്നാൽ, പസഫിക്കിലെ പോലെ ചാക്രികമായല്ല ഇന്ത്യൻ മഹാസമുദ്രത്തിലെ താപ സംവിധാനങ്ങളുടെ പ്രവർത്തനം. ഇതിന്‍റെ പോക്കനുസരിച്ച്, തുലാവർഷ കാലത്ത് പ്രവചനാതീതമായ തോതിൽ മഴയുടെ അളവിൽ വ്യത്യാസം വരാനുള്ള സാധ്യത ഏറെയാണ്.

ഇന്ത്യൻ നിനോ പ്രതിഭാസത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലെ താപനില കിഴക്കൻ മേഖലയിലേതിന്‍റെ വിപരീതമായിരിക്കും. അതായത്, പടിഞ്ഞാറ് ചൂട് കൂടിയാൽ കിഴക്ക് കുറവായിരിക്കും (പോസിറ്റിവ്); പടിഞ്ഞാറ് ചൂട് കുറഞ്ഞാൽ കിഴക്ക് കൂടുതലും (നെഗറ്റിവ്). പക്ഷേ, ഇക്കുറി പോസിറ്റിവും നെഗറ്റിവുമല്ലാതെ ന്യൂട്രലായി നിൽക്കാനുള്ള പ്രവണതയാണ് ഇന്ത്യൻ ഓഷൻ ഡൈപോൾ ഇതുവരെ കാണിച്ചിട്ടുള്ളത്. ഈ നിഷ്പക്ഷ നിലപാട് തന്നെയാണ് വരാനിരിക്കുന്ന തുലാവർഷം പ്രവചനാതീതമാകാനുള്ള സാധ്യത വർധിപ്പിക്കുന്നതും.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്