വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം 
Kerala

വിഴിഞ്ഞത്തിനു നൽകുന്ന കേന്ദ്ര ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണം: കേരളത്തെ വെട്ടിലാക്കി കേന്ദ്രം

817 കോടി വായ്പയെന്ന തീരുമാനം തിരുത്തണമെന്ന് കേരളം, തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് ഇല്ലാത്ത ഉപാധികളാണ് കേരളത്തിലെ വിഴിഞ്ഞത്തിന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്‍കുന്നതില്‍ കേരളത്തെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.

വിഴിഞ്ഞം പദ്ധതിക്ക് ആകെ നല്‍കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) വായ്പയായാണു നല്‍കുന്നതെന്നും, കേരളം ഇതു പലിശ സഹിതം തിരിച്ചടയ്ക്കണമെന്നുമാണു കേന്ദ്ര സർക്കാരിന്‍റെ പുതിയ നിലപാട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് അനുവദിച്ചപ്പോള്‍ നിഷ്‌കര്‍ഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്തിന് അടിച്ചേൽപ്പിച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതി വിഹിതമായ 8,867 കോടി രൂപയില്‍ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയുള്ള കേരളം പോലൊരു ചെറിയ സംസ്ഥാനം ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഈ തുക കണ്ടെത്തുന്നത്. തുറമുഖ പദ്ധതി യാഥാർഥ്യമായാല്‍ കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുകയില്‍ 60 പൈസയും കേന്ദ്രത്തിലേക്കാണ് പോകുന്നത്. 3 പൈസ മാത്രമാണ് കേരളത്തിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമിപ്പിച്ചു.

വിജിഎഫ് ഫണ്ട് അനുവദിക്കുന്നതിൽ അന്യായ വ്യവസ്ഥ അടിച്ചേൽപ്പിച്ച് കേരളത്തോട് പകപോക്കുന്നതായി തുറുമുഖ മന്ത്രി വി.എൻ. വാസവൻ കുറ്റപ്പെടുത്തി. ഡിസംബറോടെ കമ്മിഷൻ ചെയ്യാനായിരുന്നു തീരുമാനം. കേന്ദ്രം ഇതുവരെ നയാപൈസ നൽകിയില്ല. വിജിഎഫ് നൽകുന്നത് വായ്‌പയായിട്ടാണ്. കേന്ദ്രം നൽകുന്ന 817 കോടിക്ക് തിരിച്ചടക്കേണ്ടി വരിക 10,000 കോടിയിലധികം രൂപയാണ്. കേന്ദ്രം സ്വീകരിക്കുന്നത് വിവേചനപരമായ നിലപാടാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്‍റെ യുക്തിയെ തന്നെ നിരാകരിക്കുന്ന തീരുമാനമാണിതെന്നും മന്ത്രി ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ കരാര്‍ അനുസരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കേണ്ടിയിരുന്നത് 1,635 കോടി രൂപ. ഇതനുസരിച്ച് ഇരു സര്‍ക്കാരുകളും 817.8 കോടി രൂപ വീതം നല്‍കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതം വായ്പയാണെന്നും ഇത് തിരിച്ചടയ്ക്കണമെന്നും കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന് കത്ത് ലഭിച്ചത്. തിരിച്ചടവ് കാലാവധിയും പലിശയും പരിഗണിച്ചാല്‍ 12,000 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുമെന്നാണ് കണക്ക്.

വിഴിഞ്ഞത്തിന്‍റെ സാധ്യത

ട്രയൽ റൺ വേളയിൽ തന്നെ 40ലേറെ കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞത്ത് അടുത്തതും 80,000ത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും തുറമുഖത്തിന്‍റെ സാധ്യത വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം.

ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്‍റെ 75 ശതമാനവും നിലവിൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖമാണ്‌ കൈകാര്യം ചെയ്യുന്നത്‌. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിന്‌ സംഭവിക്കുന്നത്. പ്രതിവർഷം ഇന്ത്യയ്ക്ക്‌ നഷ്ടമാകുന്നത്‌ 2,000 കോടിയോളം രൂപയാണ്.

വന്‍കിട ചരക്കു കപ്പലുകള്‍ക്ക് ബർത്ത് ചെയ്യാൻ സാധിക്കുന്ന ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്‍റ് കാർഗോ ഇവിടെയെത്തും.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും