kerala university 
Kerala

കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ എൽഡിഎഫിന് നേട്ടം, ചരിത്രത്തിലാദ്യമായി ബിജെപിക്ക് 2 സീറ്റ്

ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് സിന്‍ഡിക്കറ്റ് നിലവിലുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന് മേൽക്കൈ. 9 സീറ്റുകളിലാണ് എൽഡിഎഫിന്‍റെ വിജയം. ബിജെപി രണ്ടും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് സീറ്റ് ലഭിക്കുന്നത്.

പ്രിന്‍സിപ്പല്‍ പ്രതിനിധിയുടേയും സര്‍ക്കാര്‍, സ്വകാര്യ കോളെജ് അധ്യാപക സീറ്റുകളിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. പ്രൊഫ. കെ.സി പ്രകാശ് (എയ്ഡഡ് കോളെജ് പ്രിന്‍സിപ്പല്‍), ഡോ. കെ. റഹീം (സര്‍ക്കാര്‍ കോളെജ് അധ്യാപകന്‍), ഡോ. എന്‍. പ്രമോദ്, ഡോ. ടി.ആര്‍ മനോജ് (ഇരുവരും എയ്ഡഡ് കോളെജ് അധ്യാപകര്‍) അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍ (പൊതുമണ്ഡലം), ഡി.എന്‍ അജയ് (പൊതുമണ്ഡലം) എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചവര്‍.

പി.എസ്. ഗോപകുമാര്‍, ഡോ. ടി.ജി വിനോദ് കുമാര്‍ (ഇരുവരും പൊതുമണ്ഡലം) എന്നിവരാണ് ബിജെപി സീറ്റില്‍ വിജയിച്ചവര്‍. അഹമ്മദ് ഫസലാണ് (പൊതുമണ്ഡലം) വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പലതയും സിപിഐ സ്ഥാനാർഥിയായിരുന്ന അഡ്വ. സി. ഗോപുകൃഷ്ണനും തോറ്റു.

ഇതിനു പിന്നാലെ വോട്ട് ചോര്‍ച്ചയെ ചൊല്ലി സിപിഎം, സിപിഐ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വോട്ടുകള്‍ വീതിക്കുന്നതില്‍ സിപിഎം വീഴ്ച വരുത്തിയതാണ് ബിജെപിക്ക് സീറ്റ് ലഭിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. സിന്‍ഡിക്കേറ്റിലെ 12 സീറ്റുകളില്‍ 9 സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 3 സീറ്റുകളില്‍ കഴിഞ്ഞ ദിവസം ഇടത് അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോ. എസ്. നസീബ് (സര്‍ക്കാര്‍ അധ്യാപക മണ്ഡലം), ഡോ. വി. മനോജ് (സര്‍ക്കാര്‍ കോളെജ് പ്രിന്‍സിപ്പല്‍), ഡോ. എം ലെനിന്‍ ലാല്‍ (സംവരണം) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ വോട്ടെടുപ്പിനു പിന്നാലെ വോട്ടെണ്ണലിനെച്ചൊല്ലി സര്‍വകലാശാലയില്‍ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയുണ്ടായി. 15 വോട്ടുകള്‍ എണ്ണരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍, ഹൈക്കോടതി വിധി വന്നതിനു ശേഷം മാത്രമേ വോട്ടെണ്ണാന്‍ കഴിയൂ എന്നു വൈസി ചാൻസലർ നിലപാടെടുത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വോട്ടെണ്ണല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകള്‍ രംഗത്തെത്തിയതോടെ ചേംബറില്‍ വാക്കേറ്റവും ബഹളവുമുണ്ടായി.

വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് ഗേറ്റില്‍ തടഞ്ഞതോടെ സര്‍വകലാശാല ഗേറ്റിലും സംഘര്‍ഷമായി. എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. 97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്.

ഇതില്‍ 15 വോട്ടുകള്‍ എണ്ണുന്നതിനായിരുന്നു വിലക്കുണ്ടായിരുന്നത്. 82 വോട്ടുകള്‍ മാത്രം എണ്ണിയാല്‍ ഫലം കൃത്യമല്ലാതാകുമെന്നും വൈകിയാലും മുഴുവന്‍ വോട്ടും എണ്മിയാല്‍ മാത്രമേ ഫലപ്രഖ്യാപനം നടത്താനാകൂ എന്നും വിസി നിലപാടെടുത്തു.

സംഘര്‍ഷം തുടരുന്നതിനിടെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തി. 15 വോട്ടുകള്‍ ഒഴികെയുള്ളവ എണ്ണാന്‍ കോടതി അനുമതി നല്‍കി. ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് സിന്‍ഡിക്കറ്റ് നിലവിലുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വോട്ടുകള്‍ എണ്ണിയത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...