തിരുവനന്തപുരം: ആലപ്പുഴ വഴി പോകുന്ന കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ട്രെയ്‌ന്‍ മംഗളൂരു വരെ നീട്ടി. നിലവില്‍ കാസർഗോഡ് വരെയാണ് സർവീസ്. രാവിലെ 6.15ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയ്ൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും, രാത്രി 12.40ന് മംഗലാപുരത്തെത്തും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് ട്രെയ്ൻ നിർത്തുന്നത്. സമയത്തിൽ മാറ്റമില്ല.
എന്നു മുതലാണ് മംഗളൂരു വരെ നീട്ടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച റെയ്ൽ ബോർഡ് ജോയിന്‍റ് ഡയറക്റ്റർ വിവേക് കുമാർ സിൻഹയുടെ അറിയിപ്പിൽ കഴിയുന്നത്ര വേഗത്തിൽ നടപ്പാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
വന്ദേഭാരത് ട്രെയ്ൻ കേരളത്തിന് അനുവദിച്ചത് ആദ്യമായി റിപ്പോർട്ട് ചെയ്ത 'മെട്രൊ വാർത്ത' ഈ ട്രെയ്ൻ മംഗളൂരു വരെയാണെന്നും വ്യക്തമാക്കിയിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് അന്നു കാസർഗോഡ് വരെ സർവീസ് പരിമിതപ്പെടുത്തിയത്.