കെ.എൻ. ബാലഗോപാൽ  file image
Kerala

കടുത്ത വിവേചനം, കേരളം ഇന്ത്യയിലെന്ന് ഓർമിപ്പിക്കേണ്ട സാഹചര്യമെന്ന് ധനമന്ത്രി

സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർഥന നിഷേധിക്കുന്ന കേന്ദ്ര നിലപാട് കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിന്‍റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കണം.

നാനൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട്‌ കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ്‌ കാട്ടുന്നത്‌. വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌.

വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാകുന്നു. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുമ്പോള്‍ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ നാളുകൾ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന്‌ അറിയിക്കാന്‍ കേന്ദ്രത്തോട്‌ നിർദേശിച്ചത്‌.

ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു. ഇന്ത്യാ മഹാരാജ്യം വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് ഇന്ത്യയുടെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ കാതല്‍. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ മൂല്യങ്ങളിലൊന്ന് ഫെഡറലിസമാണ്.

എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്‍റെ ഫെഡറല്‍ മൂല്യങ്ങളെ കാറ്റില്‍ പറത്തുകയാണ്. രാഷ്‌ട്രീയമായി തങ്ങളുടെ എതിര്‍ ചേരിയിലുള്ള സംസ്ഥാന ഗവണ്‍മെന്‍റുകളോട് യാതൊരു തരത്തിലും നീതീകരിക്കാനാകാത്ത വിവേചനം കാണിക്കുന്നു. ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്‌ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അര്‍ഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. വയനാട് ദുരന്തത്തെയും രാഷ്‌ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസാരവല്‍ക്കരിച്ച കേന്ദ്രത്തിന്‍റെ നടപടികൾക്കെതിരേ നാട് ഒന്നിച്ച് ശബ്‌ദമുയര്‍ത്തണമെന്നും ബാലഗോപാൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും