തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീശന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടാനാണ് നീക്കം.
തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാൻ രൂപീകരിക്കുകയും ഇവർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ തുടരന്വേഷണം നടത്താനാവൂ. ഇതിനുള്ള നടപടികളിലേക്ക് നടക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരന്വേഷണം നടത്തണമെന്ന നിർദേശം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരായ പ്രചരണ ആയുധമാക്കാനുള്ള തായാറെടുപ്പിലാണ് സിപിഎം-കോൺഗ്രസ് മുന്നണികൾ.
2021 ൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നും ബിജെപിക്കു വേണ്ടി 3.5 കോടി രൂപ കേരളത്തിലെത്തിയെന്നായിരുന്നു കേസ്. എന്നാൽ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ളവർ പ്രതികരിച്ചത്. ഇപ്പോഴിതാ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വീണ്ടും വിവാദമായിരിക്കുകയാണ്.