ബിനീഷ് മള്ളൂശേരി
സ്കിറ്റുകളിലൂടെയും കൗണ്ടറുകളിലൂടെയും മലയാളികളെ ചിരിപ്പിച്ച സിനിമ - സീരിയൽ - മിമിക്രി താരം കൊല്ലം സുധിയുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ.
കഴിഞ്ഞ 5 വർഷക്കാലം സുധിയുടെ തട്ടകമായിരുന്ന വാകത്താനത്ത് വിവിധ ഇടങ്ങളിൽ പൊതു ദർശനത്തിനെത്തിച്ചു. ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പൊങ്ങന്താനത്തെ വീട്ടിലെത്തിച്ച ശേഷം പൊങ്ങന്താനം ഗവ.യു.പി സ്കൂളിൽ പൊതു ദർശനത്തിന് വച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയ താരത്തെ അവസാനമായി കാണാൻ ഇവിടെ എത്തിച്ചേർന്നത് സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങളാണ്.
രാവിലെ 10.30 ന് മൃതദേഹം വിലാപയാത്രയായി ഞാലിയാകുഴി സെന്റ് മാത്യൂസ് ചർച്ച് ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചു. ശേഷം ഉച്ചയ്ക്ക് 1.30 വരെ വാകത്താനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ദർശനത്തിന് വച്ചു. പിന്നീട് തോട്ടക്കാട് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിലേക്ക് സംസ്ക്കാരത്തിനായി മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി. ഇനിയും ജനങ്ങൾ അവസാനമായി സുധിയെ ഒരു നോക്ക് കാണാൻ കാത്തു നിൽക്കുകയാണ് തോട്ടക്കാട് സെമിത്തേരിക്ക് സമീപം ജനങ്ങൾ. രണ്ടേ കാലോടെ സെമിത്തേരിയിലെത്തിച്ചു. സംസ്കാര ചടങ്ങുകൾ നടക്കുന്നു. ഇനി സുധി മലയാളികളെ ചിരിപ്പിക്കുന്ന ഓർമയായി നിത്യതയിലേക്ക്.