കോതമംഗലം: ഒന്നര വർഷമായി മെമ്പർ വിദേശത്ത്, ലീവ് അനുവദിക്കുവാൻ അടിയന്തര കമ്മിറ്റി കൂടി ജനങ്ങളെ വെല്ലുവിളിച്ച് കോട്ടപ്പടി ഗ്രാമപഞ്ചായത്ത്. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അമൽ വിശ്വം ജോലിതേടി ബ്രിട്ടനിലേക്ക് പോയതിനെത്തുടർന്നാണ് വോട്ടർമാർക്ക് പലവിധ സേവനങ്ങളും അറിയിപ്പുകളും ലഭിക്കാതെ വരുന്നത്. പഞ്ചായത്തിലെയോ വാർഡിലെയോ ഒരു കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നില്ല എന്ന പരാതി വ്യാപകമാകുകയുമായിരുന്നു.
നാട്ടിൽ ഇടയ്ക്കിടെ വന്ന് പഞ്ചായത്തിൽ ഒപ്പിട്ട് തിരിച്ചു പോകുന്ന രീതിയാണ് യുവ മെമ്പർ തുടരുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന മെമ്പർ നാട്ടിൽ ഇല്ലാത്തതുകൊണ്ട് ജനാധിപത്യപരമായ പല അവകാശങ്ങളും ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. വല്ലപ്പോഴും വന്ന് ഒപ്പിട്ട് രേഖകളിൽ മറിമായം കാണിച്ചാൽ രക്ഷപ്പെടാം എന്ന് കിട്ടിയ നിയമപദേശം അനുസരിച്ചാണത്രേ ഭരണകക്ഷിക്കാരനായ മെമ്പർ ഇടയ്ക്കിടെ വന്നു ഒപ്പിട്ട് മടങ്ങുന്നത് എന്ന് വോട്ടർമാർ അടക്കം പറയുന്നു.
ഒന്നരവർഷമായി ഒരു ഗ്രാമസഭയിൽ പോലും ഇദ്ദേഹം പങ്കെടുത്തിട്ടില്ല. നാട്ടിൽ വരുമ്പോൾ ഒപ്പിടാനുള്ള സൗകര്യം ഭരണക്കാർ ചെയ്തുകൊടുക്കും. സെക്രട്ടറിക്കും പരാതിയില്ല. അടുത്തിടെ അടിയന്തര കമ്മിറ്റി കൂടിയാണ് ലീവ് അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ മാസം ലീവിൽ പോകുവാനായി പഞ്ചായത്ത് കമ്മിറ്റിയിൽ അവധിക്ക് അപേക്ഷിച്ചപ്പോൾ രണ്ട് ഭരണസമിതി മെമ്പർമാർ അടക്കം അഞ്ചുപേർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
കഴിഞ്ഞ മാർച്ച് 14 ന് നാട്ടിൽ തിരികെയെത്തിയ മെമ്പർ അവസാനമായി പങ്കെടുത്തത് ഏപ്രിൽ മൂന്നാം തീയതി നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ്. അതിനുശേഷം മൂന്നു മാസങ്ങൾ കഴിഞ്ഞ് കൃത്യം ജൂലൈ മൂന്നിന് തന്നെയാണ് മെമ്പർ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. അന്നുതന്നെ അടിയന്തര കമ്മിറ്റി കൂടി മെമ്പറിന് ലീവ് അനുവദിക്കുകയായിരുന്നു. മൂന്ന് മെമ്പർമാർ വിയോജനക്കുറിപ്പ് കൊടുത്തു എങ്കിലും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്നാണ് കോട്ടപ്പടി പ്രസിഡണ്ടും, പാർട്ടി നേതാക്കളും പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ പാർട്ടി സ്ഥാനാർത്ഥിക്ക് വാർഡിൽ വൻ പരാജയം നേരിടേണ്ടിവരുമെന്നുള്ളതുകൊണ്ടാണ് വോട്ടർമാരെ പൊട്ടന്മാരാക്കി ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന് പാർട്ടി അനുഭാവികൾ തന്നെ വെളിപ്പെടുത്തുന്നു.
പഞ്ചായത്ത് രാജ് ആക്റ്റിന്റെ നഗ്നമായ ലംഘനമാണ് കോട്ടപ്പടിയിൽ നടക്കുന്നത്. വിദേശ ജോലിക്ക് പോകുന്നവർ നാട്ടിലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജി വെച്ചിട്ടാണ് പോകേണ്ടത്. ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് എന്തുമാകാമെന്നാണ് കോട്ടപ്പടിയിലെ മെമ്പറുടെയും നേതാക്കന്മാരുടെയും നിലപാടന്ന് നാട്ടുകാർ കുറ്റപ്പെടുത്തി . പലതവണ പ്രസിഡന്റിനെയും സെക്രട്ടറിയെയും പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാർഡിലെ യാതൊരു കാര്യവും നടക്കാത്ത അവസ്ഥയുമാണ്. മെമ്പറുടെ രാജി തേടി കളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. പഞ്ചായത്ത് ഡയറക്ടറുകൾക്കും പഞ്ചായത്ത് രാജ് മന്ത്രിക്കും പരാതി കൊടുക്കാനും ജനകീയ പ്രക്ഷോഭത്തിനും ഉള്ള ഒരുക്കത്തിലാണ് കോട്ടപ്പടി നിവാസികൾ.