Kerala

ഫ്രീ ആയി 'പിടിയും പോത്തിറച്ചിയും' കഴിക്കാം; ഇലക്ഷൻ ഫലമറിയാൻ കാത്തിരിക്കുകയാണ് പിറവത്തുകാർ

#ബിനീഷ് മള്ളൂശേരി

കോട്ടയം: പിറവത്തുള്ളവർക്ക് പോത്തിറച്ചിയും പിടിയും സൗജന്യമായി കഴിക്കാൻ എങ്ങനെയാണ് യോഗം എന്ന് നാളെ ഫലം വരുമ്പോൾ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പിറവം ജനകീയ സമിതി വത്യസ്തമായ നീക്കവുമായി എത്തിയിട്ടുള്ളത്. ഈസ്റ്ററായാലും, ക്രിസ്മസായാലും, കല്യാണമായാലും, ജന്മദിനമായാലും ആഘോഷമെന്തായാലും കോട്ടയത്തിൻ്റെ ഒരു തനത് രുചിയാണ് പിടിയും - ഇറച്ചിക്കറിയും. ഐറ്റം ഇപ്പോൾ ദാ തെരഞ്ഞെടുപ്പു ഗോദയിലേക്കും.

കാര്യത്തിലേക്ക് കടക്കാം. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗസ് നേതാവുമായ ഫ്രാൻസിസ് ജോർജ് ജയിച്ചാല്‍ 2500 പേർക്ക് പിടിയും പോത്തും വിളമ്പാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് പിറവം ജനകീയ സമിതി. എതിരാളിയായ തോമസ് ചാഴികാടൻ പക്ഷക്കാരനായ കേരള കോണ്‍ഗ്രസ്‌ നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നതാണ് രസകരം.

എല്‍ഡിഎഫില്‍ തന്നയുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും പിറവം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജില്‍സ് പെരിയപുറവും കൂട്ടരുമാണ് പിടിയുടെയും പോത്തിൻ്റെയും പിന്നിൽ. ഇതെല്ലാം ഒരുക്കി ഫ്രാൻസിസ് ജോർജിൻ്റെ വിജയാഹ്ളാദം നടത്താൻ ജനകീയ സമിതി പറയുന്ന കാരണം ഇതാണ്. കഴിഞ്ഞ തവണ ജയിച്ചിട്ട് നന്ദി പോലും പറയാൻ തോമസ് ചാഴികാടൻ ഈ വഴി വന്നില്ല. രാവിലെ എട്ടരയാകുമ്പോള്‍ തന്നെ പിടിയും പോത്തും വിളമ്പുമെന്ന് ജനകീയ സമിതി നേതാക്കള്‍ പറയുന്നു.

ഒരാളുടെ തോല്‍വിയാണ് ജനവികാരമായി ആഘോഷിക്കാൻ പോകുന്നതെന്നും, ഫലമറിയുമ്പോൾ ഫ്രാൻസിസ് ജോർജ് ജയിക്കുമെന്നും നേതാക്കള്‍ പറയുന്നു. അതുറപ്പിച്ചാണ് പിറവത്തെ നാട്ടുകാർക്ക് പിടിയും പോത്തും വിളമ്പുന്നത്. അത്രയ്ക്കുണ്ട് എതിർ സ്ഥാനാർഥിയോട് പിറവത്തെ ജനകീയ സമിതിക്കാർക്കുള്ള കലിപ്പ്. കഴിഞ്ഞ 5 വർഷമായി നിലവിലെ എം.പി തികഞ്ഞ പരാജയമാണെന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്ന ജില്‍സ് പെരിയപുറത്തിന്‍റെ അഭിപ്രായം. നാടിന്‍റെ വികസനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാനിക്കൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് വർഗീസ് തച്ചിരുകണ്ടം, ബേബിച്ചൻ തോമസ്, കെ ശ്രീജിത്ത്, സുജാതൻ തുടങ്ങിയവർ ഈ സംരഭത്തിന് പിന്നിലുണ്ട്. എന്തായാലും പിറവം നഗരത്തിൽ മാത്രമല്ല സമീപത്തുള്ള അഗതിമന്ദിരങ്ങളിലും സ്നേവീടുകളിലുമെല്ലാം ഉറപ്പായും പിടിയും പോത്തുമെത്തും.

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

പി. സരിനെ തള്ളി ഷാഫി പറമ്പിൽ

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സത‍്യൻ മൊകേരി സ്ഥാനാർഥിയായേക്കും