പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്‍റെ നിർമാണ ഉദ്ഘാടനം ശനിയാഴ്ച്ച (27) രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായാ അനില്‍കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഡിഎംഒ ഡോ. എല്‍. അനിതകുമാരി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഇന്ദിരാദേവി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 30.25 കോടി രൂപ ചിലവില്‍ 5858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ ബേസ്മെന്റ് ഫ്ളോറില്‍ 49 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്സെന്ററും ഉള്‍പ്പെടുന്നു.
കാഷ്വാലിറ്റി, എക്സ് റേ, സിറ്റി സ്‌കാന്‍, മൈനര്‍ ഒറ്റി, ട്രയാജ്, ലബോറട്ടറി ഇസിജി, ഓര്‍ത്തോ കണ്‍സള്‍ട്ടേഷന്‍ എന്നിവ താഴത്തെ നിലയിലും സര്‍ജറി, ഇഎന്‍ടി, മെഡിസിന്‍,അഡോളസന്റ്, ഡെര്‍മറ്റോളജി, എന്‍സിഡി എന്നിവയടങ്ങിയ കണ്‍സള്‍ട്ടേഷന്‍ മുറികള്‍, സ്പെസിമെന്‍ കളക്ഷന്‍, ബ്ലഡ് കളക്ഷന്‍, ഫാര്‍മസി, സൈക്കാട്രി ട്രീറ്റ്മെന്‍റ് റൂം എന്നിവ ഒന്നാം നിലയിലും അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കിച്ചന്‍, കാന്‍റീന്‍, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവ രണ്ടാം നിലയിലുമായാണ് നിര്‍മിക്കുന്നത്. സ്റ്റെയര്‍, മോര്‍ച്ചറി, 87000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റര്‍, സബ്സ്റ്റേഷന്‍, ചുറ്റുമതില്‍, ഗേറ്റ് ഗാര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഹൈറ്റ്സിനാണ്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2.46 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ നിര്‍മാണ ചുമതല എച്ച്എല്‍എല്ലിനും നേത്രവിഭാഗത്തിന്‍റെ നിര്‍മാണ ചുമതല കെഇഎസ്എന്‍ഐകെയ്ക്കും റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മാണ ചുമതല എച്ച് എല്‍എല്ലിനും ജില്ലാ ടി. ബി ഓഫീസിന്റെ ഡിപിആര്‍ തയാറാക്കുന്നതിന്‍റെ ചുമതല ഡബ്ലുഎപിസിഒഎസിനുമാണ്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ട് കെട്ടിടങ്ങളിലായി 165 കിടക്കകളും 13 സ്പെഷ്യാലിറ്റി യൂണിറ്റുകളും 30 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 150 സ്ഥിരം ജീവനക്കാരും 22 എന്‍എച്ച്എം ജീവനക്കാരും 65 എച്ച്എംസി /കാസ്പ് ജീവനക്കാരും ജോലി ചെയ്യുന്നു. ഡയാലിസിസ് യൂണിറ്റില്‍ 10 മെഷീനുകളിലായി 53 രോഗികള്‍ക്ക് പ്രതിമാസം 530 ഡയാലിസിസും കീമോതെറാപ്പി യൂണിറ്റില്‍ 180 രോഗികള്‍ക്ക് പ്രതിമാസം 262 കീമോയും ഫിസിയോതെറാപ്പി യൂണിറ്റില്‍ പ്രതിമാസം 350 രോഗികള്‍ക്ക് ചികിത്സയും ഒപ്പം നേര്‍വ് കണ്ടിഷന്‍ സ്റ്റഡിയും നടത്തിവരുന്നു. പിഒഐസിയു, എംഐസിയു, എന്‍ഐസിയു എന്നിവയും ആറ് ഫ്രീസര്‍ ഉള്ള മോര്‍ച്ചറിയും ആശുപത്രിയില്‍ ഉണ്ട്.
ലിംബ് സെന്‍ററില്‍ പ്രതിമാസം ആറ് രോഗികള്‍ക്ക് കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ജില്ലയില്‍ മിഠായി ക്ലിനിക്ക് ഉള്ള ഏക സ്ഥാപനമായ ജില്ലാ ആശുപത്രിയില്‍ 25 കുട്ടികള്‍ക്ക് സേവനം നല്‍കുന്നു. അഡോളസന്‍റ് ഹെല്‍ത്ത് സെന്‍ററിലും അംഗന്‍വാടികളിലും കുട്ടികള്‍ക്ക് കൗണ്‍സിലറുടെ സേവനം ലഭ്യമാക്കുന്നു. മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 10 സിഎച്ച്സി/ പിഎച്ച്സികളില്‍ ക്ലിനിക്കുകള്‍ നടത്തിവരുന്നു. കൂടാതെ കാഞ്ഞീറ്റുകരയിലും വല്ലനയിലും പ്രവര്‍ത്തിക്കുന്ന പകല്‍വീടുകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന്.