കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതിനെ കുടുംബം സ്വാഗതം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു.
2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22 ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു തുമ്പും കണ്ടെത്താന്‍ ഒരു വർഷം അന്വേഷിച്ചിട്ടും പൊലീസിന് സാധിച്ചില്ല. കേസില്‍ ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ആദ്യം മുതല്‍ക്കെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. എഡിജിപി അജിത്കുമാറിന്‍റെ മേൽനോട്ടത്തിലാണ് കേസിന്‍റെ അന്വേഷണം നടന്നത്. പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളോടെയാണ് മാമി തിരോധാനം വീണ്ടും ചർച്ചയായത്.