കോഴിക്കോട്: വാലന്‍റൈയിൻസ് ഡേ പ്രമാണിച്ച് വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( എൻഐടി). ക്യാമ്പസിൽ എവിടെയും പരസ്യമായ സ്നേഹ പ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡൻസ് ഡീൻ ഡോ. ജികെ രജനികാന്ത് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.
മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ ലംഘിക്കുന്ന വിദ്യാർഥികൾക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
എന്നാൽ ലോകം പ്രണയ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 'പശു ആലിംഗന ദിന'മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ അഭ്യർഥന. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതെന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്‍റെ അനുമതിയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ സർക്കുലർ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമായിരുന്നു. ട്രോളുകൾക്ക് മാറ്റുകൂട്ടി മന്ത്രി വി ശിവൻ കുട്ടിയും എത്തി. ‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്‍റെ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നേരത്തെ ചില സംഘടനകൾ വാലന്‍റൈയിൻസ് ഡേ ആഘോഷത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു അവരുടെ നിലപാട്.