Kerala

"ട്രെയിനിന് തീയിട്ടത് തോന്നലിന്‍റെ പുറത്ത്"; പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴികൾ പുറത്ത്

ഇയാളുടെ പല മൊഴികളും പൊലീസ് ഇപ്പോഴും വിലക്കെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ തുടരുമെന്നും അറിയിച്ചു.

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴികൾ പുറത്ത്. ട്രെയിനിന് തീയിട്ടത് തോന്നലിന്‍റെ പുറത്തെന്നാണ് പ്രതി മൊഴി നൽകിയത്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടിരുന്നത്. കേരളത്തിൽ എത്തിയത് യാദൃശ്ചികമായാണെന്നും മൊഴിയിലുണ്ട്.

ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലായിരുന്നു ബാഗ് വച്ചിരുന്നത്. തീയിട്ട ശേഷം തിരികെ വന്ന് എടുക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെയ്ക്ക് വീണു. ഈ ബാഗാണ് പിന്നീട് പ്രതിയെ കണ്ടെത്തുന്നതിൽ വഴിത്തിരിവായത്. ഇയാളുടെ പല മൊഴികളും പൊലീസ് ഇപ്പോഴും വിലക്കെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ തുടരുമെന്നും അറിയിച്ചു.

അതേസമയം, ഷാറൂഖ് സെയ്ഫിക്ക് കേരളത്തിന് പുറത്തുള്ള സംഘത്തിന്‍റെ സഹായവും ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ആക്രമണം. പ്രതിയുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും ഇയാളെ കേരളത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. തീവെപ്പിനായി പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു. സ്റ്റേഷന് സമീപമുള്ള പമ്പുകൾ ഒഴിവാക്കി ഒരു കി.മി അകലെ നിന്നും പെട്രോൾ വാങ്ങിയതടക്കം ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കങ്ങൾ എന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.

ഞായറാഴ്ച വൈകിട്ട് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 2 കാനുകളിലായി 4 ലിറ്റർ പെട്രോളാണ് വാങ്ങിയത്. തുടർന്ന് ട്രെയ്നിൽ കയറുകയായിരുന്നു. തീവച്ചതിന് ശേഷം ട്രെയിനിൽ നിന്നും ചാടിയത് ഇരുന്നാണെന്നും പരിക്കേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു എന്നും മൊഴിയിലുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?