ksrtc 
Kerala

ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാൻ കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിശീലനത്തിനായി കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരത്താണ് ആദ്യ സ്കൂൾ. ജൂൺ ആദ്യവാരം പരിശീലനം ആരംഭിക്കാനാണ് ആലോചന. പിന്നാലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും പരിശീലനം ആരംഭിക്കും.

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് കർക്കശമാക്കിയതോടെ അതിനു പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായിട്ടുള്ളതായാണ് വിവരം. സംസ്ഥാനത്ത് ശരാശരി 6,000 ടെസ്റ്റ് നടക്കേണ്ടിടത്ത് കഴിഞ്ഞ ദിവസം 2,431 പേരാണ് പങ്കെടുത്തത്. സമയം അനുവദിച്ചിട്ടും പലരും എത്താത്തത് ടെസ്റ്റ് കര്‍ക്കശമാക്കിയതോടെ തോല്‍ക്കുമെന്ന ഭയത്താലാണെന്നാണ് വിലയിരുത്തൽ.

അതിനിടെ ടെസ്റ്റ് പരിഷ്‌കാരം സംബന്ധിച്ച ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവിറങ്ങി. ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന നിലപാടിലാണ് സർക്കാർ. ഏതൊരാള്‍ക്കും സ്വന്തമായി വാഹനം ഓടിച്ചു പഠിക്കാനും ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തി ടെസ്റ്റിങ് വ്യവസ്ഥകള്‍ പുതുക്കിയാണ് ഉത്തരവിറക്കിയത്.

സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ് പഠനം മുന്‍ ഉത്തരവുകളില്‍ കാര്യമായി പരാമര്‍ശിച്ചിരുന്നില്ല. ടെസ്റ്റ് പരിഷ്‌കരണത്തെ സ്‌കൂളുകാരും ജീവനക്കാരും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയം.

ലേണേഴ്സ് ലൈസന്‍സ് എടുത്ത വ്യക്തിക്ക് ലൈസന്‍സുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിങ് പരിശീലിക്കാം. സ്‌കൂള്‍ വഴിയാണെങ്കില്‍ അംഗീകൃത പരിശീലകന്‍ തന്നെ പഠിതാക്കളുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥയും കര്‍ശനമാക്കി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ