കെ.വി. തോമസ്
മുൻ കേന്ദ്രമന്ത്രി
'വിളക്കണഞ്ഞു, വെളിച്ചം തുടരുന്നു' എന്ന ചൊല്ല് ജനപ്രിയ ജനനേതാവായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അക്ഷരാർത്ഥം ശരിയാണ്. ഉമ്മൻ ചാണ്ടിയമായി ബന്ധപ്പെട്ട ഓരോരുത്തർക്കും ഹൃദയസ്പർശിയായ ധാരാളം കാര്യങ്ങൾ പറയാനുണ്ടാവും.
എന്നെ സംബന്ധിച്ചിടത്തോളം നീണ്ട അര നൂറ്റാണ്ടിന്‍റെ സൗഹൃദ ബന്ധമാണ് അദ്ദേഹവുമായുള്ളത്. ആർക്കും ഏത് സമയത്തും ബന്ധപ്പെടാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വികസനരംഗത്ത് ഒരു ഉമ്മൻ ചാണ്ടി ടച്ച് എപ്പോഴുമുണ്ടായിരുന്നു.
1984 ൽ ഞാൻ എംപിയായപ്പോൾ നിർമാണം തുടങ്ങിയതാണ് കുമ്പളങ്ങി-പെരുമ്പടപ്പ് പാലം. എന്നാൽ, പലവിധ തടസങ്ങളും മറികടന്ന്, പത്ത് വർഷം കഴിഞ്ഞ് അത് പൂർത്തിയാക്കാൻ സഹായിച്ചത് ഉമ്മൻ ചാണ്ടിയാണ്.
കൊച്ചിൻ മെട്രോ പദ്ധതി തുടങ്ങിവെച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ തടസമായപ്പോൾ പരിഹരിക്കാൻ ശക്തമായ നിലപാടാണ് ഉമ്മൻ ചാണ്ടി എടുത്തത്.
കൊച്ചി മെട്രോ നിർമിക്കാൻ ഡൽഹി മെട്രൊ റെയ്‌ൽ കോർപ്പറേഷന്‍റെ സേവനം വിട്ടുനൽകാൻ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും കേന്ദ്ര നഗരവികസന മന്ത്രി കമൽനാഥും തയ്യാറായിരുന്നില്ല. എന്നാൽ, ഡൽഹിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ ഞാൻ, ഉമ്മൻ ചാണ്ടിയോടും, എ.കെ. ആന്‍റണി, വയലാർ രവി എന്നിവരോടുമൊപ്പം ഷീല ദീക്ഷിതിനെയും കമൽനാഥിനെയും കണ്ടു. അതോടെ ആ തടസം നീങ്ങി. ആ പദ്ധതി നടപ്പാക്കാൻ ഇ. ശ്രീധരനെ മുന്നിൽ നിർത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ പലരും എതിർത്തെങ്കിലും ഉമ്മൻ ചാണ്ടി എന്നോടൊപ്പം തന്നെ നിന്നു.
അതുപോലെയാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യവും. 2014ൽ ഞാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്ന കാലം. തിരുവനന്തുപുരത്തു നിന്നു കൊച്ചി വഴി ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ തൊട്ടടുത്ത സീറ്റുകളിൽ ഉമ്മൻ ചാണ്ടിയും ഞാനും യാത്ര ചെയ്യവേ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംസാര മധ്യേ ഉമ്മൻ ചാണ്ടി പറഞ്ഞു:
"മാഷേ, വിഴിഞ്ഞം തുറമുഖം നമ്മുടെ ഒരു സ്വപ്ന പദ്ധതിയാണ്. അന്തരാഷ്ട്ര കപ്പൽച്ചാലിനോട് ഏറ്റവും അടുത്തായതിനാൽ ശ്രീലങ്കയിലേക്കു പോകുന്ന എല്ലാ കപ്പലുകളും വിഴിഞ്ഞത്തേക്കെത്തും. കേരളത്തിന്‍റെ പൊതുവായ വികസനത്തിനും പ്രത്യകിച്ചു തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ സമഗ്ര വളർച്ചയ്ക്കും ഇത് സഹായകരമാവും. കൊച്ചി തുറമുഖം, നെടുമ്പാശ്ശേരി വിമാനത്താവളം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കൊച്ചി മെട്രൊ, സ്മാർട്ട് സിറ്റി തുടങ്ങി ധാരാളം വികസന പദ്ധതികൾ കൊച്ചിയിലുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ശ്രദ്ധേയമായ വൻ വികസന പദ്ധതികൾ ഒന്നുമില്ലതാനും. കൊല്ലത്തെ കശുവണ്ടി വ്യവസായം ക്ഷയിച്ചു കൊണ്ടിരിക്കുകയുമാണ്. വിഴിഞ്ഞം പദ്ധതി യഥാർഥ്യമായാൽ തിരുവനന്തപുരത്തും കൊല്ലത്തും വലിയ വികസന സാധ്യതകൾക്കു വഴിവയ്ക്കും. അതിന് ഡൽഹിയിൽ കാര്യമായ സമ്മർദം ചെലുത്തേണ്ടി വരും. വിഴിഞ്ഞം പദ്ധതിയിൽ താത്പര്യമുണ്ടായിരുന്ന അദാനി ഗ്രൂപ്പും പിൻവാങ്ങുന്ന ഘട്ടത്തിലാണ്."
അദാനി ഗ്രൂപ്പിന്‍റെ ചെയർമാൻ ഗൗതം അദാനിയെ എനിക്കു നേരിട്ടു പരിചയമുണ്ടായിരുന്നതിനാൽ, ഉമ്മൻ ചാണ്ടി 'സീരിയസാ'ണെങ്കിൽ ഇക്കാര്യത്തിൽ മുൻകൈയെടുക്കാമെന്നു ഞാൻ പറഞ്ഞു.
ഡൽഹിയിൽ എത്തിയ ശേഷം ഞാൻ ഗൗതം അദാനിയെ നേരിട്ടു വിളിച്ച് വിഴിഞ്ഞം തുറമുഖ വിഷയം അവതരിപ്പിച്ചു.
അദ്ദേഹം പറഞ്ഞത് ഇതായിരുന്നു:
"പ്രൊഫ. തോമസ്, എനിക്കു കേരളത്തെ നന്നായി അറിയാം. കേരളത്തിലെ എല്ലാ കടൽത്തീരങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. യുഡിഎഫ്, എൽഡിഎഫ് കക്ഷികൾ മാറിമാറി ഭരിക്കുന്ന അവിടുത്തെ രാഷ്ട്രീയകാലാവസ്ഥയും എനിക്കു പരിചിതമാണ്. രാജ്യത്ത് മറ്റൊരിടത്തും പ്രകടമല്ലാത്ത ശക്തമായ ട്രേഡ് യൂണിയൻ - മാധ്യമ സാന്നിധ്യത്തെക്കുറിച്ചും എനിക്കു ബോധ്യമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തമിഴ്നാട്ടിലെ കുളച്ചലിൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്. അവിടെ നിന്ന് ഞങ്ങൾക്കു തൃപ്തികരമായ 'ഓഫറും' ഉണ്ട്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കുറെക്കൂടി എളുപ്പവുമാണ്.''
ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ''ഞങ്ങളുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താങ്കൾ നേരിട്ടു സംസാരിച്ചതിനു ശേഷം ഒരു തീരുമാനത്തിൽ എത്തിയാൽ പോരേ?''
അദ്ദേഹം അതു സമ്മതിച്ചു.
തുടർന്നു ഡൽഹിയിലെ എന്‍റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. ഉമ്മൻ ചാണ്ടിയോടൊപ്പം, അന്നത്തെ ഫിഷറീസ്- തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ ഡൽഹിയിൽ എത്തി. സഹായികളൊടൊപ്പം അദാനിയും വന്നു. എല്ലാവർക്കും പുട്ടും കടലയും പപ്പടവും പഴവും ഉൾപ്പെടുന്ന പ്രഭാത ഭക്ഷണവും ഒരുക്കി. ഭക്ഷണത്തിനിടെ ഉമ്മൻ ചാണ്ടിയും അദാനിയും മാത്രം എന്‍റെ ഓഫിസ് മുറിയിലേക്കിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവിടെ നിന്ന് നിറഞ്ഞ ചിരിയുമായാണ് രണ്ടു പേരും പുറത്തുവന്നത്.
ഗൗതം അദാനി പറഞ്ഞു, "യേസ് പ്രൊഫസർ, ഞാൻ കേരളത്തിലേക്കു വരുന്നു. പദ്ധതി ഏറ്റെടുക്കുകയാണ്. 'സീയെമ്മു'മായി സംസാരിച്ചു കഴിഞ്ഞപ്പോൾ പദ്ധതി വിജയകരമായി നടത്താമെന്ന ആത്മവിശ്വാസമുണ്ടായി".
സംസ്ഥാനത്തിന്‍റെ മറ്റൊരു വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്‍റെ തുടക്കം അതായിരുന്നു.
കേരളത്തിൽ ഏതു പദ്ധതി വന്നാലുമുള്ള തടസങ്ങൾ ഈ പദ്ധതിക്കും ഉണ്ടായെങ്കിലും, വിഴഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണോദ്ഘാടനം ഉമ്മൻ ചാണ്ടി തന്നെ നിർവഹിച്ചു.
കണ്ണൂർ എയർപോർട്ട് യാഥാർഥ്യമാക്കാനും ഉമ്മൻചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വൻകിട പദ്ധതികൾക്കൊപ്പം തന്നെ, സാധാരണക്കാർക്ക് ധാരാളം സഹായം അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ. ജനക്കൂട്ടമായിരുന്നു അദ്ദേഹത്തിന്‍റെ വീര്യം.
ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസവും ദീർഘവീക്ഷണവും സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റി എന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.