കാർവാർ: മണ്ണിനടിയിൽ പെട്ടു പോയ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് കുടുംബം. രക്ഷാദൗത്യത്തിനിടെ കർണാടക പൊലീസ് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണമുയരുന്നുണ്ട്. പ്രദേശത്ത് അഞ്ച് ദിവസമായി തുടരുന്ന തെരച്ചിൽ ഫലം കാണാഞ്ഞതിനെ തുടർന്ന് മനാഫ് കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തകരെ പ്രദേശത്തേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം. രഞ്ജിത് ഇസ്രയേലി എന്നയാളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മനാഫ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും കർണാടക പൊലീസ് അനുവദിച്ചില്ല. മനാഫിനൊപ്പം അർജുന്‍റെ സഹോദരനുമുണ്ടായിരുന്നു.
എസി ഡ്രൈവിങ് ക്യാബിനുള്ള വണ്ടിയായതിനാൽ അർജുൻ സുരക്ഷിതനായിരിക്കും എന്ന വിശ്വാസത്തിലാണ് കുടുംബവും സുഹൃത്തുക്കളും. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഇപ്പോൾ വിശ്വാസമില്ലെന്ന് അർജുന്‍റെ അമ്മ ഷീല പറഞ്ഞു. സൈന്യത്തിന്‍റെ സഹായം തേടുകയോ കേരളത്തിൽ നിന്നുള്ളവരെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ അനുവദിക്കുകയോ വേണം. ആദ്യദിവസങ്ങളിൽ ഉദ്യോഗസ്ഥരെ വിശ്വസിച്ചതിൽ തെറ്റു പറ്റി.
അങ്കോലയിൽ നടക്കുന്നതെന്താണെന്ന് പുറത്തറിയുന്നില്ല. അവരുടെ വീഴ്ചകൾ ചർച്ചയാകുന്നത് അവർക്ക് അതൃപ്തിയാകുന്നുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.