Kerala

ലേണേഴ്സ് കഠിനമാകും; എച്ച് പോരാ, റിവേഴ്സും വേണം, ഒരു ദിവസം 20 ലൈസൻസ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ ഉള്‍പ്പെടെ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുന്നതാണു പുതിയ മാറ്റങ്ങള്‍. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു.

എന്നാല്‍, ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാത്രമല്ല, പരിഷ്‌കരണം നടപ്പായാല്‍ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസാകൂ. കൂടാതെ ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഒരു ആര്‍ടി ഓഫിസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

എച്ച് പോരാ, റിവേഴ്സും വേണം

വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംസാരവും സഭ്യമായിരിക്കണം. ഉദ്യോഗസ്ഥര്‍ കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യും. ഇതു മൂന്നു മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. സംസ്ഥാനത്ത് നാലര ലക്ഷം ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു