kerala police 
Kerala

പൊലീസുകാരുടെ ആത്മഹത്യ: സമ്മര്‍ദം കുറയ്ക്കാന്‍ അവധിയും യോഗയും

MV Desk

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിപി ഷേഖ് ദർവേഷ് സാഹിബ്. സമ്മർദം ലഘൂകരിക്കുന്നതിനായി വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും പരമാവധി അവധി നൽകണം. ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കണം.

ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ കണ്ടെത്തി സ്റ്റേഷനിൽ തന്നെ മെന്‍ററിങ് നൽകണമെന്നും ഉൾപ്പടെയുള്ള ഒൻപതു നിർദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാം പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ചു നടത്തിയ പഠനത്തെ തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.

വർധിക്കുന്ന ആത്മഹത്യാ പ്രവണത

2019നു ശേഷം സംസ്ഥാനത്തെ പൊലീസ് സേനയിലെ 69 പേരാണ് ജീവനൊടുക്കിയത്. കുടുംബപരവും ആരോഗ്യപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്കൊപ്പം ജോലിസമ്മർദവും പൊലീസുകാരെ ആത്മഹത്യയിലേക്കു നയിക്കുന്നെന്നും കണ്ടെത്തലുണ്ട്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു.

നവംബർ എട്ടിന് പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്. 2019–18 പേർ , 2020–10 പേർ, 2021–8പേർ, 2022–20പേർ, 2023–13പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ ഒടുവിലത്തെ എണ്ണം.

കൂടുതൽ തിരുവനന്തപുരം റൂറലിൽ

തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ–10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും–7 പേർ വീതം. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യ കാരണങ്ങളാൽ അഞ്ച് പേരും, വിഷാദരോഗത്താൽ 20പേരും, ജോലി സമ്മർദത്താൽ ഏഴ് പേരും, സാമ്പത്തിക കാരണങ്ങളാൽ അഞ്ച് പേരും ആത്മഹത്യ ചെയ്തെന്നും രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്.

സ്വയം വിരമിക്കലിനും അപേക്ഷകർ

നാല് വർഷത്തിനിടെ 169 പൊലീസുകാരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കോഴിക്കോട് സിറ്റിയിൽനിന്നാണ് കൂടുതൽ അപേക്ഷ–22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും അപേക്ഷ നൽകി.

ആരോഗ്യ പ്രശ്നങ്ങളാൽ 64പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല്‍ കാരണം മൂന്ന് പേരും വിദേശ ജോലിക്കായി ഏഴ് പേരും സ്വന്തമായ സംരംഭം തുടങ്ങാൻ മൂന്ന് പേരും അപേക്ഷ നൽകി. ഇതെല്ലാം കണക്കിലെടുത്താണ് ഡിജിപിയുടെ നിർദേശം എത്തിയിരിക്കുന്നത്.

സരിൻ സിപിഎം സ്വതന്ത്രൻ, പാർട്ടി ചിഹ്നമില്ല; ചേലക്കരയിൽ യു.ആർ. പ്രദീപ്

ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളുടെ വാടക കൂട്ടി

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

''ആര്യാടനെ വരെ ഞങ്ങൾ സ്ഥാനാർഥിയാക്കി'', സരിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് എ.കെ. ബാലൻ

പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; 10 ദിനം മണ്ഡല പര്യടനം