lok sabha election in kerala 
Kerala

വാനം മുട്ടെ പ്രതീക്ഷ

#എം.ബി. സന്തോഷ്

തിരുവനന്തപുരം: രണ്ടു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ ഇന്ന് പോളിങ് ബൂത്തിലേക്കു പോകുമ്പോൾ മുന്നണികൾക്ക് മാനം മുട്ടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ കേരളത്തിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ തവണ 20ൽ 19 ഇടത്തും ജയിച്ച യുഡിഎഫ് ഇത്തവണ അത് 20 ആക്കുമെന്നാണ് പ്രചാരണം. എന്നാൽ ശബരിമല, ക്രിസ്ത്യൻ സഭാ തർക്കം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണത്തോടെയുള്ള വയനാട്ടിലെ മത്സരം, ന്യൂനപക്ഷങ്ങൾ ഒന്നടങ്കം കോൺഗ്രസിനൊപ്പം എന്നിങ്ങനെ അനുകൂല ഘടകങ്ങളൊന്നും ഇത്തവണ യുഡിഎഫിനില്ല. കേരളത്തിലും കേന്ദ്രത്തിലും ഇപ്പോൾ ഭരണത്തിലില്ല എന്നതാണ് യുഡിഎഫിനുള്ള ഏറ്റവും പ്രധാന നേട്ടം.

ജയിച്ച 19 പേരെയും പൗരത്വ ബില്ലിനെതിരായ വോട്ടെടുപ്പിൽ കണ്ടില്ലെന്നാണ് എൽഡിഎഫ് ആക്ഷേപം. പാർലമെന്‍റിലും പുറത്തും തുടക്കം മുതൽ ഒടുക്കം വരെ പൗരത്വ ഭേദഗതി ബില്ലിനെതിരേ നടത്തിയ പോരാട്ടങ്ങൾ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. പെൻഷൻ മുടങ്ങൽ, വിലക്കയറ്റം ഉൾപ്പെടെ സംസ്ഥാന സർക്കാരിനെതിരായ വികാരം ഉണ്ടെങ്കിലും കേന്ദ്ര സർക്കാർ അനുകൂലമല്ലാതിരുന്നിട്ടും ഒരു മാസത്തിനുള്ളിൽ മൂന്നു ഗഡു സാമൂഹിക സുരക്ഷാ പെൻഷൻ കുടിശിക നൽകിയത് അനുകൂലമാവുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ വി. മുരളീധരൻ എന്നീ കേന്ദ്രമന്ത്രിമാരിലും തൃശൂരിൽ നടൻ സുരേഷ് ഗോപിയിലുമായിരുന്നു തുടക്കത്തിൽ ബിജെപിയുടെ പ്രത്യേക ശ്രദ്ധ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തിൽ ജനുവരിക്കു ശേഷം അര ഡസനിലേറെ തവണ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകി. കോൺഗ്രസിന്‍റെ കരുത്തരായ 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളെ ബിജെപിയിലെത്തിക്കുക മാത്രമല്ല, അതിൽ എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കുകയും ആ മണ്ഡലത്തിലെ പ്രചാരണം തീവ്രമാക്കുകയും ചെയ്തു. അഖിലേന്ത്യാ അധ്യക്ഷൻ മുതൽ മിക്കവാറും കേന്ദ്രമന്ത്രിമാർ വരെ മുക്കിലും മൂലയിലും പ്രചാരണത്തിനെത്തിയത് ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു.

വടകരയിൽ കനത്ത ത്രികോണപ്പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ വിജയിക്കുമെന്ന ഘട്ടത്തിലാണ് പാനൂരിലെ പാർട്ടി ഗ്രാമത്തിലെ ബോംബ് സ്ഫോടനം. അതിനു പിന്നാലെ സമാനതകളില്ലാത്ത ആരോപണ പ്രത്യാരോപണങ്ങൾക്ക് വടകര സാക്ഷ്യം വഹിച്ചു. തൃശൂരിലും ത്രികോണ മത്സരത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ മുന്നിലെന്ന പ്രതീതി പരന്നപ്പോഴാണ് പൂരം പൊലീസ് തന്നെ കലക്കിയത്. ഇത്തരം പ്രാദേശിക വിഷയങ്ങൾ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ