കോട്ടയം: ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എൻഎസ്‌എസ്. ഇപ്പോഴുള്ള അത്രയും ആളുകള്‍ ഇതിനു മുമ്പും ദര്‍ശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകള്‍ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനമല്ല ഇന്നവിടെ ഉള്ളത്. ഒരുമിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50-60 പേര്‍ക്ക് മാത്രമേ കയറാൻ സാധിക്കുന്നുള്ളു. അതിനുവരുന്ന താമസമാണ് ഇന്ന് തിക്കിനും തിരക്കിനും പ്രധാന കാരണമാകുന്നതെന്ന് എൻഎസ്‌എസ് കുറ്റപ്പെടുത്തി.
കാര്യക്ഷമതയും അനുഭവസമ്പത്തും ഉള്ള ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചാല്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാനാവും. അതിനുവേണ്ട നടപടി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.