Kerala

നടൻ മാമുക്കോയ അന്തരിച്ചു

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

കോഴിക്കോട് : നടൻ മാമുക്കോയ അന്തരിച്ചു. എഴുപത്താറ് വയസായിരുന്നു. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

400- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. ആദ്യകാലത്ത് കല്ലായിയിൽ മരം അളക്കുന്ന ജോലിയായിരുന്നു. ജോലിക്കിടയിൽ കോഴിക്കോടൻ നാടകസംഘങ്ങളിൽ സജീവമായിരുന്ന മാമുക്കോയ കെ. ടി. മുഹമ്മദ്, വാസു പ്രദീപ് തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കോഴിക്കോടൻ സംഭാഷണശൈലിയിലൂടെയാണു സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ അറബി മാഷാണ് ആദ്യം ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം നടനായിരുന്നു. നാടോടിക്കാറ്റിലെ ഗഫൂർക്കാ, പെരുമഴക്കാലത്തിലെ അബ്ദു, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ഒപ്പത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങിയവ മാമുക്കോയ തകർത്താടിയ കഥാപാത്രങ്ങളാണ്. ചെറിയ വേഷങ്ങളിലായാൽ പോലും ശ്രദ്ധേയമായ സാന്നിധ്യമാകാൻ കഴിവുള്ള നടനായിരുന്നു മാമുക്കോയ.

പെരുമഴക്കാലത്തിലെ അഭിനയത്തിനു സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ഇന്നത്തെ ചിന്താവിഷയത്തിലെ കഥാപാത്രം മികച്ച ഹാസ്യനടനുള്ള പുരസ്കാരവും മാമുക്കോയക്ക് നേടിക്കൊടുത്തു. 

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം