കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം തന്നെ സ്ഥാനമൊഴിയാൻ മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അദ്ദേഹം ഇപ്പോൾ അത് അംഗീകരിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. മേജർ ആർച്ച് ബിഷപ് എന്ന സ്ഥാനം ഒഴിയുമ്പോഴും കർദിനാൾ എന്ന നിലയിലുള്ള ചുമതലകളിൽ തുടരും.
ഇതോടൊപ്പം, എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് മാർ ആൻഡ്രൂസ് താഴത്തിനെ വത്തിക്കാൻ ഒഴിവാക്കുകയും ചെയ്തു. മാർ ബോസ്കോ പുത്തൂരിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
ജനുവരിയിൽ നടക്കുന്ന സീറോ മലബാർ സിനഡിൽ പുതിയ സീറോ മലബാർ സഭയുടെ അധ്യക്ഷനായ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കും. അതുവരെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനു ചുമതല നൽകിയിട്ടുണ്ട്. അപ്പസ്തോലിക് കൗൺസിലറുടെ കാര്യത്തിലും സിനഡിൽ പുതിയ തീരുമാനമുണ്ടാകാം.
സീറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് വത്തിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന്‍റെ ഭാഗമായി വത്തിക്കാൻ പ്രതിനിധി കർദിനാൾ ലിയോ പോൾ ജിറേലി കൊച്ചിയിലെത്തി സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ബുധനാഴ്ച വൈകിട്ട് തന്നെ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം.
അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന വിവിധ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർ ആൻഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നേരത്തെ നിയമിച്ചത്. എന്നാൽ, അദ്ദേഹത്തിന് ദൗത്യം വിജയിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ സ്ഥാനത്തു നിന്നു മാറ്റാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്.