തിരുവനന്തപുരം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇറക്കിയതിന്‍റെയും ഫണ്ട് വിനിയോഗിച്ചതിന്‍റേയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസക്കിനാണെന്ന ഇഡിയുടെ വാദം തെറ്റാണെന്നാണ് കിഫ്ബി സിഇഒ കോടതിയെ അറിയിച്ചത്.
കിഫ്ബി ശേഖരിച്ച പണത്തിന്‍റെ വിനിയോഗം കൂട്ടായെടുക്കുന്ന തീരുമാനമാണെന്നും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അധ്യക്ഷനെന്ന ചുമതലയ്ക്കപ്പുറം തോമസ് ഐസക്കിന് മാത്രമായി പ്രത്യേക റോൾ കിഫ്ബിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. മസാല ബോണ്ട് ഇറക്കിയതിന്‍റേയും ഫണ്ട് വിനിയോഗത്തിന്റെയും പ്രധാന ഉത്തരവാദിത്വം ഐസക്കിനാണെന്ന ഇഡി വാദം തെറ്റാണ്. ഇത്തരം വാദം തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും ഇഡി സത്യവാങ്മൂലം കിഫ്ബിയുടെ ഭാവി പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും കിഫ്ബി സിഇഒ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു.