കൊച്ചി: മാത്യു കുഴൽ നാടൻ ആളുകളെ വിമർശിക്കാറില്ല, മറിച്ച് തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുകയാണ് ചെയ്യുന്നതെന്ന് വിമർശിച്ച് മന്ത്രി എം.ബി. രാജേഷ്. എന്തെങ്കിലും അധിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെ ഉണ്ടെന്നും വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും മാത്യു കുഴൽനാടനെതിരായ വിമർശനം തുടരുകയാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്‍റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്‍റെ മറുപടിയെന്നും സി.എൻ. മോഹനൻ പറഞ്ഞു.
തനിക്കെതിരെ കേസുമായി പോകുമെന്നാണ് കുഴൽനാടൻ പറയുന്നത്, കേസുമായി വരട്ടെ അപ്പോൾ കാണാമെന്നും സി.എൻ. മോഹനൻ പറഞ്ഞു. ഇടതുഭരണ കാലത്ത് ഒരു ബാങ്കിലാണ് അഴിമതി നടന്നിട്ടുള്ളത് അത് കരുവന്നൂരിൽ മാത്രമാണെന്നും യുഡിഎഫ് ഭരിക്കുന്ന പല ബാങ്കുകളിലും വൻ അഴിമതി നടക്കുന്നുണ്ടെന്നും സി.എൻ. മോഹനൻ പരിഹസിച്ചു.
മാത്യുകുഴൽനാടനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആരോപണമുന്നയിച്ചതിന്‍റെ വിരോധത്തിലാണ് തനിക്കും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി വർഗീസിനുമെതിരേ തിരിയുന്നതെന്നും കുഴൽ നാടന്‍റെ ഉമ്മാക്കി തന്നോട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.