തിരുവനന്തപുരം : മെഡിസെപ്പ് മൊബൈൽ ആപ്ലിക്കേഷന്‍റെ ഉദ്ഘാടനം നാളെ നടക്കും. 30 ലക്ഷത്തോളം ഗുണഭോക്താക്ക ൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് 'മെഡിസെപ് '. ധനകാര്യ വകുപ്പ് സോഫ്‌റ്റ്‌വെയർ ഡിവിഷനാണു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. വൈകുന്നേരം 6ന് തിരുവനന്തപുരം ഐ.എം.ജി. യിലെ 'പദ്മം' ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.
പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ നടപ്പിൽ വരുത്തുന്നത്. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ കഴിഞ്ഞു.
ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയിൽ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ110 എണ്ണവും തുക 1,43,84,497 രൂപയും, സ്വകാര്യ മേഖലയിൽ 1743 ക്ലെയിമുകളും തുക 36,74,22,431 രൂപയുമാണ്.