കൊച്ചി: "നാടിനു ചേർന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുവഗവേഷകർ പ്രാപ്തരാകണം. വൈജ്ഞാനികസമൂഹം എന്ന ആശയം പാകലാവണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്‌ഷ്യം," ഉന്നത വിദ്യാഭ്യാസ മന്ത്രിയും സർവകലാശാലാ പ്രോ-ചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു.
യുവ അധ്യാപകരുടെയും ഗവേഷകരുടെയും ശ്രദ്ധേയ ഗവേഷണപ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ 2023-ലെ ഡിസ്റ്റിംഗ്വിഷ്ഡ് യംഗ് ഫാക്കല്‍റ്റി ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ചര്‍ അവാർഡുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ മികച്ച മസ്തിഷ്കങ്ങൾ വിദേശരാജ്യങ്ങളിലെ സമ്പദ്ഘടന മാത്രം അഭിവൃദ്ധിപ്പെടുത്തുന്നത് ആശങ്കയോടെ നിരീക്ഷിച്ച മന്ത്രി ബ്രെയിൻ ഗെയിനിനായുള്ള പരിശ്രമങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് ഓർമപ്പെടുത്തി.
സർവകലാശാലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 6000 കോടി രൂപയാണ് കഴിഞ്ഞ മൂന്നു വർഷം സർക്കാർ ചെലവഴിച്ചത്. ജീവിതനിലവാരം മെച്ചപ്പെടുത്താനും വൈജ്ഞാനിക മേഖലയിൽ പുതുചലനങ്ങൾ സൃഷ്ടിക്കാനുമുള്ള നൂതനാവിഷ്കാരങ്ങളുമായി കേരളത്തെ മുമ്പിൽ നിന്ന് നയിക്കേണ്ട പ്രതിഭാശാലികൾക്ക് നവകേരള പദ്ധതികൾ പ്രയോജനപ്പെടുത്താൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
ബയോടെക്‌നോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ബേബി ചക്രപാണി പി എസ്, ഇൻ്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സജി കെ ജെ, സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ദേവി സൗമ്യജ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോയ് എ ജോസ് എന്നിവർക്കാണ് ഡിസ്റ്റിംഗ്വിഷ്ഡ് യംഗ് ഫാക്കല്‍റ്റി അവാർഡ് ലഭിച്ചത്.
മുഹമ്മദ് സാജിദ് എൻ (സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ്), വിജോയ് കെ വി (ഇൻ്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സ്), അഖിൽ പ്രകാശ് ഇ (മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ്), ശ്രീനാഥ് എ വി (അന്തരീക്ഷ ശാസ്ത്ര വകുപ്പ്) എന്നിവർക്കാണ് വിശിഷ്ട ഗവേഷക പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
33 വിദ്യാർത്ഥികൾക്ക്ഈ വിവിധ എൻഡോവ്‌മെൻ്റ് അവാർഡുകളും മന്ത്രി നൽകി. ചടങ്ങിൽ സ്ട്രീം എക്കോസിസ്റ്റത്തിന്റെ ആദ്യ മോഡ്യൂളിന്റെ പകർപ്പ് മന്ത്രി ബിന്ദു സി-സിസ് ഡയറക്‌ടർ ഡോ. പി ഷൈജുവിന് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാന ഗവണ്മെന്റ് മികച്ച സര്‍വകലാശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ ചാന്‍സല്ലേഴ്‌സ് അവാര്‍ഡിന്റെ സമ്മാന തുക ഉപയോഗിച്ചാണ് ഡിസ്റ്റിംഗ്വിഷ്ഡ് യംഗ് ഫാക്കല്‍റ്റി ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ചര്‍ അവാര്‍ഡ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയത്. അക്കാദമിക ഗവേഷണ മേഖലയില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ്റെ അധ്യക്ഷതയിൽ സയൻസ് സെമിനാർ കോംപ്ലക്‌സിൽ നടന്ന പരിപാടിയിൽ സിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബേബി, അവാർഡ് കമ്മിറ്റി ചെയർമാനും എൻപിഒഎൽ മുൻ ഡയറക്ടറുമായ ഡോ. ഉണ്ണികൃഷ്ണൻ, രജിസ്ട്രാർ ഡോ മീര വി, ഐക്യുഎസി ഡയറക്ടർ ഡോ സാം തോമസ് എന്നിവർ സംസാരിച്ചു.