കൊച്ചി: സംസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകനും മെട്രൊ വാർത്തയുടെ ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണനെ, രണ്ടാം ചരമ വാർഷിക ദിനത്തിൽ സഹപ്രവർത്തകർ അനുസ്മരിച്ചു. 2022 ജൂലൈ 31ന്, അറുപത്തേഴാം വയസിലായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം.
മികച്ച മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിനു രണ്ടു വട്ടം അർഹനായ ഗോപീകൃഷ്ണൻ, കേരളത്തിന് അകത്തും പുറത്തുമുള്ള വിശാലമായ ശിഷ്യസമ്പത്തിനും ഉടമയായിരുന്നു. മാധ്യമ പ്രവർത്തനത്തിനു പുറമേ സാഹിത്യരംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകി. ഡാൻ ബ്രൗണിന്‍റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് എന്ന നോവലിന്‍റെ മലയാളം പരിഭാഷ നിർവഹിച്ചിരുന്നു. ഗോപീകൃഷ്ണന്‍റെ 'കടൽ പറഞ്ഞ കടങ്കഥ' എന്ന നോവൽ മരണാനന്തരമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
എൽടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അഭിമുഖം ചെയ്ത ആദ്യ മലയാള മാധ്യമപ്രവർത്തകനാണ് ആർ. ഗോപീകൃഷ്ണൻ. മെട്രൊ വാർത്തയ്ക്കു മുൻപ് ദീപിക, മംഗളം, കേരള കൗമുദി എന്നീ ദിനപത്രങ്ങളിലും ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്.
എം. ശിവറാം പുരസ്കാരം, വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുള്ള ഗോപീകൃഷ്ണന്‍റെ സ്മരണയ്ക്കായി കോട്ടയം പ്രസ് ക്ലബ് അദ്ദേഹത്തിന്‍റെ പേരിലും രണ്ടു വർഷമായി പുരസ്കാരം നൽകിവരുന്നു.