Kerala

മെട്രൊ വാർത്ത ഇംപാക്റ്റ്: സ്വിഫ്റ്റ് ബസുകളുടെ വേഗം കൂട്ടി

കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയതായി പുറത്തിറക്കിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് വേഗം കുറവാണെന്നും ഇതു മൂലം സർവീസിനെ യാത്രക്കാർ കൈവിട്ടതും സംബന്ധിച്ച് 'മെട്രൊ വാർത്ത ' റിപ്പോർട്ട് ചെയ്തിരുന്നു.

പി.ബി. ബിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയതായി പുറത്തിറക്കിയ സൂപ്പർ ഫാസ്റ്റ് ബസുകൾ ദീർഘദൂര യാത്രക്കാർ ഉൾപ്പടെ കൈയൊഴിയുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബസുകൾക്ക് മണിക്കൂറിൽ 80 കി.മി വേഗത്തിൽ സഞ്ചരിക്കാൻ അനുമതി നൽകി ഗതാഗതവകുപ്പ്. കേരളത്തിൽ പൊതുഗതാഗതവിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി സർക്കാർ വിജ്ഞാപനമായതോടെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ വേഗം കുറവെന്ന പരാതിക്ക് പരിഹാരമായത്.

കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയതായി പുറത്തിറക്കിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് വേഗം കുറവാണെന്നും ഇതു മൂലം സർവീസിനെ യാത്രക്കാർ കൈവിട്ടതും സംബന്ധിച്ച് 'മെട്രൊ വാർത്ത ' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം വേഗപരിധി ഉയർത്താൻ തീരുമാനമെടുക്കുകയും വാഹനങ്ങളുടെ വേഗ പരിധി ഉയർത്തിയ സർക്കാർ വിജ്ഞാപനത്തിൽ ഇത് പരിഗണിക്കുകയുമായിരുന്നു. ബസുകളുടെ വേഗപരിധി പുനഃക്രമീകരിച്ചിട്ടുണ്ടെന്നും കുറഞ്ഞ വേഗം മൂലം കഴിഞ്ഞ മൂന്നു മാസങ്ങളിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് കെഎസ്ആർടിസി മാനേജ്‌മെന്‍റ് നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും കോർപ്പറേഷൻ അറിയിക്കുന്നു. നിലവിലുണ്ടായിരുന്ന കേരള സർക്കാർ വിജ്ഞാപനം അനുസരിച്ച് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് 60 കി.മി മാത്രമായിരുന്നു വേഗം അനുവദിച്ചിരുന്നത്.

എന്നാൽ വിവിധ നിരത്തുകളിൽ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്ന പരാതികൾ വ്യാപകമായിരുന്നു. കേരളത്തിലെ റോ‍ഡുകളിലെ വേഗം പുനനിർണ്ണയിച്ച് കൊണ്ട് സർക്കാർ ഉത്തരവായതോടെയാണ് കെഎസ്ആർടിസിയുടേയും, കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടേയും വേഗം 80 കി.മി ആക്കാൻ തീരുമാനിച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർ വരെ വേഗപരിധി ഉണ്ടെങ്കിലും കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ വേഗം 80 കിലോ മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുന്ന ഗജരാജ് എസി സ്ലീപ്പർ തുടങ്ങിയ ബസുകളിലെ വേഗം 95 കി.മിആയി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ യാത്രക്കാരെ വളരെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി - സ്വിഫ്റ്റിന് കഴിയുമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷയെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പുതിയ ബസുകൾക്ക് വേഗപ്പൂട്ടിൽ മണിക്കൂറിൽ 60 കിലോമീറ്റർ സെറ്റ് ചെയ്തിരുന്നതിനാൽ നാലുവരി പാതകളിൽ പോലും പരമാവധി വേഗപരിധിയായ 70 കിലോമീറ്റർ വേഗതയിൽ പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയായിരുന്നു. അടുത്ത് വാഹനങ്ങളില്ലെങ്കിലും നാലുവരി പാതകളിലടക്കം സ്വിഫ്റ്റ് ബസ് 60 കി.മി സ്പീഡിൽ കിതച്ച് ഓടുന്നത് കണ്ട് പല ദീർഘദൂര യാത്രക്കാരും ജീവനക്കാരോട് പരാതികൾ അറിയിക്കുകയും മറ്റ് ബദൽ സംവിധാനങ്ങളിലേക്ക് പോകുകയും ചെയ്തു. ഇത് മാസങ്ങളായുള്ള കലക്ഷനിലടക്കം വ്യത്യാസമുണ്ടാക്കിയതോടെയാണ് വേഗപരിധി ഉയർത്താനുള്ള തീരുമാനമെത്തിയത്. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്നും കോർപ്പറേഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഡ്രൈവർമാരും ആവശ്യപ്പെട്ടിരുന്നു.കെഎസ്ആർടിസി ബസുകൾക്ക് മാത്രമായി തീരുമാനം എടുക്കാനാകാത്തതിനാൽ‌ സ്വകാര്യ ബസുകൾക്കും ഇതേ ഇളവ് ലഭിക്കും.

അതേസമയം, ജീവനക്കാർക്ക് ദീർഘ ദൂര റൂട്ടുകളിൽ അനുഭവ പരിജ്ഞാനം കുറവായിരുന്നതിനാൽ ബസുകൾ അപകടങ്ങളിൽ പെടുന്നതും കൂടി കണക്കിലെടുത്താണ് പുതിയതായി സൂപ്പർ ഫാസ്റ്റ് ബസ്സുകൾ നിരത്തിലിറക്കിയപ്പോൾ വേഗ പരിധി വളരെ കുറച്ച് നിജപ്പെടുത്തുവാൻ തീരുമാനിച്ചതെന്നും ഈ തീരുമാനം കൊണ്ട് ബസുകൾ അപകടങ്ങളിൽ പെടുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നു.

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി

ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 14 പേരെ രക്ഷപ്പെടുത്തി|Video

എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പി.പി. ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്: യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

ശബരിമലയിൽ വൈദ്യുതി മുടങ്ങിയത് ഇടിമിന്നലേറ്റ്; 45 മിനുട്ടിൽ പരിഹരിച്ചെ​ന്ന് ദേവസ്വം ബോര്‍ഡ്