ശ്യാം സുന്ദർ (37) 
Kerala

അതിഥി തൊഴിലാളിക്ക് താമസിക്കാൻ പട്ടിക്കൂട്: മന്ത്രി റിപ്പോർട്ട് തേടി

കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളിയെ 500 രൂപ മാസവാടകക്ക് പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ നടപടി. പശ്ചിമ ബംഗാള്‍ സ്വദേശി ശ്യാം സുന്ദറാണ് (37) പട്ടിക്കൂട്ടില്‍ കഴിഞ്ഞ മൂന്നു മാസമായി വാടകയ്ക്ക് കഴിയുന്നത്. പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. സംഭവം വാർത്തയായതോടെ വിശദമായി അന്വേഷണം നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാന്‍ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദേശം നൽകി.

നാല് വർഷം മുന്‍പ് നാട്ടിലെത്തിയ ശ്യാം സുന്ദറിന് മുറിയെടുത്ത് താമസിക്കാന്‍ പണമില്ലാത്തതിനാലാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്നാണ് പറഞ്ഞത്. ഇദ്ദേഹത്തിന്‍റെ കൈയില്‍ പണമില്ലാത്തതിനാൽ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയത്.

പട്ടിക്കൂടിന്‍റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പൂട്ടും താഴും ഉണ്ട്. ഇതിനകത്തു തന്നയാണ് പാചകവും കിടപ്പും എല്ലാം. പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്നു. അവർ നൽകുന്ന വാടകക്കാശ് തനിക്ക് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കി എടുത്തതെതെന്നാണ് പറയുന്നത്.

പട്ടിക്കൂട്ടില്‍ ഒരാൾ താമസിക്കുന്നുണ്ടെന്ന വിവരം നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ശ്യാംസുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശ്യാംസുന്ദര്‍ സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സ്ഥലത്ത് താമസിച്ചതിന് എന്ത് നടപടിയെടുക്കുമെന്ന സംശയത്തിലാണിപ്പോൾ പൊലീസ്. ശ്യാംസുന്ദറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തുവെങ്കിലും നിലവിൽ ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു