കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്‍റെ കുടുംബത്തിനു വേണ്ടി ചെയ്ത സേവനം ചാനലിലൂടെ പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പിരിച്ചു വിട്ടു എന്നാരോപിക്കുന്ന സതിയമ്മ താത്ക്കാലിക ജീവനക്കാരിയല്ല, താൽക്കാലിക ജീവനക്കാരിയായ ജിജിമോളുടെ പകരക്കാരിയായാണ് സതിയമ്മ ജോലി ചെയ്തിരുന്നത്.
സംസ്ഥാനത്ത് എല്ലായിടത്തും പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതു കുടുംബശ്രീ വഴിയാണ്. ഇവിടെ അതിനു ചുമതലപ്പെടുത്തിയിട്ടുള്ളത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനെയാണ്. ജിജിമോള്‍ എന്ന പെണ്‍കുട്ടിയെ നിയമിക്കാനാണ് കുടംബശ്രീ യൂണിറ്റ് കത്തു നല്‍കിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവര്‍ കത്തു നല്‍കിയിട്ടുള്ളത്. ശമ്പളം കൊടുക്കുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണ്. ജിജിമോളുടെ അക്കൗണ്ടിൽ വരുന്ന ശമ്പളം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തത്. നടപടി നിയമപരമാണെന്നും പിന്നിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യഥാര്‍ഥ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്