തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങി മരിച്ച ജോയിയുടെ വേർപാടിൽ അഗാധമായ ദുഃഖം അറിയിക്കുന്നതായി തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടി. ജോയിയെ കണ്ടെത്താൻ രണ്ട് ദിവസം നീണ്ട പരിശ്രമമാണ് വേണ്ടിവന്നത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാ സർക്കാർ ഏജൻസികളും ഒരുമിച്ച് പ്രവർത്തിച്ചു. അഗ്നിശമന സേന, സ്കൂബാ ഡൈവിങ് ടീം, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, നാവിക വിദഗ്ധരുടെ സംഘം, ശുചീകരണ തൊഴിലാളികൾ എന്നിവരെല്ലാം ഈ സങ്കീർണമായ പ്രവർത്തനത്തിൽ അക്ഷീണം പ്രയത്നിച്ചു.
അതേസമയം, ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയ്‌ൽവേ ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തോട്ടിലെ മാലിന്യത്തിന് പൂർണ ഉത്തരവാദിത്വം റെയ്‌ൽവേയ്ക്ക് തന്നെയാണ്. റെയ്‌ൽവേ ലൈനുകൾക്ക് അടിയിലൂടെയാണ് തോട് കടന്ന് പോകുന്നത്. ഒന്നും ചെയ്യാൻ റെയ്‌ൽവേ സമ്മതിക്കില്ല. പരമാവധി നഷ്ടപരിഹാരം കുടുംബത്തിന് കൊടുക്കണം. അടിയന്തരമായി തോട് വൃത്തിയാക്കാൻ റെയ്‌ൽവേ നടപടിയെടുക്കണം. മഴക്കാലപൂർവ ശുചീകരണം നടക്കാത്തത് കൊണ്ടാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. മന്ത്രിമാരെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് ഇതുവരെ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.