Kerala

മിഷൻ അരിക്കൊമ്പൻ ആവർത്തിച്ചാലും ആനയുടെ ജീവന് ഭീഷണിയില്ല

അരിക്കൊമ്പനെ ഒരു മാസത്തിനിടെ രണ്ടാം വട്ടവും വെടിവച്ചു മയക്കുന്നത് ആനയുടെ ആരോഗ്യത്തെ സംബന്ധിച്ച് അപകടകരമല്ല, എന്നാൽ, ഇപ്പോഴത്തെ വിരണ്ട അവസ്ഥയിൽ ആശങ്കാജനകവുമാണ്

# അജയൻ

കാട്ടാനയെ ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ചു പിടിച്ച് പെരിയാർ കടുവാ സങ്കേതത്തിലേക്കു മാറ്റി കഷ്ടിച്ച് ഒരു മാസത്തിനു ശേഷം വീണ്ടുമൊരു 'മിഷൻ അരിക്കൊമ്പനു' തുടക്കമിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ തമിഴ്‌നാട് വനം വകുപ്പാണ് ഇപ്പോൾ ആനയ്ക്കു പിന്നാലെ കൂടിയിരിക്കുന്നത്. മയക്കുവെടി നിറച്ച തോക്കുകളും കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘങ്ങളുമായി അവർ പൂരണ സജ്ജരായിക്കഴിഞ്ഞു.

ചിന്നക്കനാലിൽ ആനയെ തളയ്ക്കാൻ ഉപയോഗിച്ച മയക്കുവെടിയുടെ ഡോസ് ജീവന് അപകടമുണ്ടാക്കും വിധം ഉയർന്നതല്ലെന്നാണ് കേരള വനം വകുപ്പിലെ മുൻ വെറ്ററിനേറിയൻ വി.കെ. ഈശ്വരൻ മെട്രൊ വാർത്തയോടു പറഞ്ഞത്. മുപ്പതോ നാൽപ്പതോ മടങ്ങ് കൂടിയ അളവിൽ മരുന്ന് ഉപയോഗിച്ചാൽ മാത്രമേ ആനയുടെ ജീവന് അപകടസാധ്യതയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നാട്ടാനകളുടെ കാര്യത്തിൽ മൂന്നോ നാലോ വട്ടം തുടർച്ചയായി വെടിവച്ചു മയക്കുന്ന സംഭവങ്ങൾ സാധാരണമാണ്. ഇതുകൊണ്ടൊന്നും ആനകൾക്ക് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. മയക്കുവെടി വച്ച് രണ്ടാഴ്ച വരെ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാനും മറ്റു സാധിക്കാറില്ല എന്നതുമാത്രമാണ് നിരീക്ഷിച്ചിട്ടുള്ള അവസ്ഥ. കൊമ്പൻമാർക്ക് പൊതുവേ മദപ്പാട് കണ്ടുവരുന്ന കേരളത്തിലെ വേനൽക്കാലം ഇവിടെ ഉത്സവ സീസൺ കൂടിയാണ്. ഉത്സവങ്ങളുടെ പ്രധാന ആകർഷണം എന്ന നിലയിൽ, മയക്കുവെടി വയ്ക്കേണ്ട സാഹചര്യമുണ്ടാകാതെ ശ്രദ്ധിക്കുകയാണ് ആനകളെ കൃത്യമായി പരിപാലിക്കുന്നവർ ചെയ്തുപോരുന്നത്. ആനകൾ വന്യ സ്വഭാവം കാണുക്കുന്നില്ലെന്ന് ഇതിനർഥമില്ല, ആനകളെ നോക്കുന്നവർ വന്യ സ്വഭാവം കൂടുതലായി നിയന്ത്രിച്ചുവരുന്നു എന്നു മാത്രം.

മയക്കുവെടിയേൽക്കുന്ന ആന വിരണ്ടോടാനുള്ള സാധ്യതയാണ് ഇതിന്‍റെ മറുവശം. ചിന്നക്കനാലിൽനിന്നു വ്യത്യസ്തമായി കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ വിരണ്ടോടുന്നത് കൂടുതൽ വലിയ നാശനഷ്ടങ്ങൾക്കു കാരണമാകാം. വെടിവച്ചു പിടിച്ച ആനയെ മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുന്ന സമയത്ത് ഉണ്ടാകാനിടയുള്ള പരുക്കുകൾ പിന്നീട് മാരകമായിത്തീരാനുള്ള സാധ്യതയും കൂടുതലാണ്. ഇതൊരു ഗൗരവമുള്ള പ്രശ്നം തന്നെയാണെന്ന് ഡോ. ഈശ്വരൻ ചൂണ്ടിക്കാട്ടുന്നു.

വർഷങ്ങൾക്കു മുൻപ്, എരണ്ടക്കെട്ട് (മലബന്ധം) ബാധിച്ച് ദുർബലനായ ഒരാനയെ മയക്കുവെടി വയ്ക്കാൻ അതിരപ്പിള്ളിയിൽ പോയ സംഭവവും അദ്ദേഹം ഓർത്തെടുക്കുന്നു. വെള്ളച്ചാട്ടത്തിന്‍റെ പരിസരത്ത് വിനോദസഞ്ചാരികൾ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യം കഴിച്ചാണ് ആനയ്ക്ക് മലബന്ധമുണ്ടായതെന്നു മനസിലാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

ആനയെ മയക്കുവെടി വച്ചാൽ മരുന്ന് പ്രവർത്തിച്ചു തുടങ്ങാൻ 15 മിനിറ്റ് വരെയെടുക്കും. ഏകദേശം 50 മിനിറ്റ് കൊണ്ട് അതിന്‍റെ സ്വാധീനം അവസാനിക്കുകയും ചെയ്യും. അതിനാലാണ് ഒന്നിലധികം തവണ വെടിവയ്ക്കേണ്ടി വരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കമ്പത്ത് പടക്കം പൊട്ടിച്ചതും ആകാശത്തേക്കു വെടിവച്ചതുമെല്ലാം അരിക്കൊമ്പനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. സാഹചര്യം വഷളാകാൻ ഇതുമൊരു കാരണമായിട്ടുണ്ടെന്നും ഡോ. ഈശ്വരൻ.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ