തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകൾ വേണ്ടെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിലപാടിനെ എതിർത്ത് സിപിഎം എംഎൽഎ വി.കെ. പ്രശാന്ത്. ഇലക്‌ട്രിക് ബസുകൾ വാങ്ങുകയെന്നത് നയപരമായ തീരുമാനമാണെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഇ ബസുകൾ വാങ്ങാൻ തീരുമാനിച്ചതെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇലക്‌ട്രിക് ബസുകളെ നഗരവാസികൾ
ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞുവെന്നും ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്‍റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.
ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് യോജിപ്പില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനു പുറകേയാണ് എംഎൽഎ പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് 4 ഡീസൽ ബസുകൾ വാങ്ങാം. ഇലക്ട്രിക് ബസിന്റെ കാലാവധി കുറവാണ്. ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.