ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം. FILE
Kerala

രാജ്യത്ത് മൺസൂൺ സാധാരണനിലയിൽ, കേരളത്തിൽ കുറവ്

അജയൻ

കൊച്ചി: രാജ്യത്താകമാനം മൺസൂൺ സാധാരണഗതിയിൽ തുടരുമ്പോഴും കേരളത്തിൽ മഴ കുറവ്. ജൂൺ 1 മുതൽ ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച് ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലിലും കേരളത്തെപ്പോലെ മഴ ശരാശരിയിലും കുറവാമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടിൽ വ്യക്തമാകുന്നു.

ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിച്ച മഴ 807.4 മില്ലീമീറ്ററാണ്. 1182 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത്‌, ശരാശരിയിലും 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെയും കാസർഗോഡ്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ശരാശരി മഴ ലഭിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും മഴ കുറവാണ് പെയ്തത്.

സംസ്ഥാനത്ത പ്രധാന ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലാണ് മഴ ഏറ്റവും കുറഞ്ഞിരിക്കുന്നത്, ശരാശരിയെക്കാൾ 50% കുറവ്.

അതേസമയം, രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ജൂലൈ മധ്യം മുതൽ മഴ ക്രമേണ കുറയുന്ന പ്രവണതയാണ് കാണുന്നത്. കൃഷിയിറക്കുന്ന സീസണിൽ ഇത് കർഷകർക്ക് ആശ്വാകരമാണ്. ദേശീയ ശരാശരി കണക്കാക്കുമ്പോൾ, ജൂലൈയിലെ മഴ ശരാശരിയെക്കാൾ 15 ശതമാനം കൂടുതലാണ്. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ അധിക മഴ ലഭിച്ചു. ഇതിൽ ഹിമാചൽ, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ശരാശരിയെ അപേക്ഷിച്ച് 60 ശതമാനത്തിലധികമാണ് പെയ്തിരിക്കുന്നത്.

രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് എൽ നിനോ പ്രതിഭാസമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതിഭാസം മൺമൂണിനെ ബാധിച്ചിട്ടുണ്ടെന്നു തന്നെയാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. അന്തരീക്ഷ താപനില വർധിക്കുന്നത് ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. വായു മലിനീകരണവും, അന്തരീക്ഷത്തിൽ നീരാവിയുടെയും ഹരിതഗൃഹ വാതകങ്ങളുടെയും സാന്നിധ്യം വർധിക്കുന്നതുമെല്ലാം താപനില വർധിക്കാൻ കാരണമാണ്. ഉഷ്ണക്കാറ്റുകൾ കൂടുതലുണ്ടാകാൻ കാരണവും താപനിലയിലെ ഈ വർധന തന്നെ. 1970 മുതൽ രാജ്യത്തിന്‍റെ വടക്ക്, മധ്യ ഭാഗങ്ങളിൽ ഉഷ്ണവാതങ്ങളുടെ തോത് കൂടിയിട്ടുണ്ട്. എന്നാലിപ്പോൾ, ദക്ഷിണേന്ത്യയിലും ഉഷ്ണവാതങ്ങൾ ആവിർഭവിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലേക്ക് മൺമൂൺ എത്താൻ വൈകിയതു കാരണം അവിടെയും ഇത്തവണ ഉഷ്ണവാതങ്ങളുണ്ടായി.

രാജ്യത്തിന്‍റെ മധ്യ, ദക്ഷിണ മേഖലകളിൽ ചുരുങ്ങിയ സമയത്ത് കൂടുതൽ മഴ പെയ്യുന്ന പ്രവണതയും വർധിച്ചുവരുകയാണ്. അന്തരീക്ഷ താപനിലയിലെ ഏറ്റക്കുറച്ചിലുകൾ വർധിക്കുന്നത് അറബിക്കടലിൽ കൂടുതൽ ചുഴലിക്കാറ്റുകൾ രൂപംകൊള്ളാനും ഇടിമിന്നലുകൾ വർധിക്കാനും കാരണമാകുന്നുണ്ട്.

മഴപ്പട്ടിക

(ജില്ല, മഴ ലഭ്യത, ശരാശരി, വ്യത്യാസം എന്ന ക്രമത്തിൽ)

കാസർഗോഡ് 1525.6 1808.9 -16

കണ്ണൂർ 1379.6 1661.3 -17

വയനാട് 806 1464.3 -45

കോഴിക്കോട് 878.4 1634.6 -46

മലപ്പുറം 812 1188 -32

പാലക്കാട് 578.9 907.1 -36

തൃശൂർ 831.6 1287.2 -35

എറണാകുളം 984 1266 -22

ഇടുക്കി 727.9 1415.6 -49

ആലപ്പുഴ 812.2 963.6 -16

കോട്ടയം 717.5 1119.8 -36

പത്തനംതിട്ട 830.1 914 -9

കൊല്ലം 625.5 718.6 -13

തിരുവനന്തപുരം 336.1 480.3 -30

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു